കല്‍പറ്റ: മാനന്തവാടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച യുവാവ് പിന്‍മാറി. തന്നെ അറിയിക്കാതെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന ഗുരുതര ആരോപണം ഉന്നയിച്ചാണ് സി.മണികണ്ഠന്‍ പിന്‍മാറിയത്. പണിയ വിഭാഗത്തിലെ ആദ്യ എംബിഎക്കാരനാണ് മാനന്തവാടി തോണിച്ചാല്‍ സ്വദേശിയായ സി. മണികണ്ഠന്‍. മണികണ്ഠന്റെ ഫെയ്‌സ്ബുക് പ്രൊഫൈല്‍ നെയിം ആയ മണിക്കുട്ടന്‍ എന്ന പേരാണു ബിജെപി പട്ടികയില്‍ ഉണ്ടായിരുന്നത്. പട്ടിക വന്നപ്പോള്‍ ഔദ്യോഗികപേര് അല്ലാതിരുന്നതിനാല്‍ മറ്റാരോ ആണു സ്ഥാനാര്‍ഥിയെന്നു കരുതിയെന്ന് മണികണ്ഠന്‍ പറഞ്ഞു.
പട്ടികവന്നതു മുതല്‍ പിന്മാറാന്‍ മണികണ്ഠനുമേല്‍ സുഹൃത്തുക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടായിരുന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയടക്കമുള്ള നേതാക്കളെ പരിഗണിച്ചിരുന്ന സീറ്റില്‍ ഏറെക്കുറെ അപ്രതീക്ഷിതമായായിരുന്നു ബിജെപി പ്രവര്‍ത്തകന്‍ പോലുമല്ലാത്ത മണികണ്ഠന്റെ രംഗപ്രവേശം. അംബേദ്കറൈറ്റായാണ് ഈ യുവാവ് സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ഇങ്ങനെയൊരാള്‍ ബിജെപിക്കു വേണ്ടി സ്ഥാനാര്‍ഥിയായതില്‍ ഫെയ്‌സ്ബുക്കിലടക്കം പ്രതിഷേധമുണ്ടായിരുന്നു.
ഞാനൊരു സാധാരണക്കാരനാണ്. ബിജെപി തന്ന ഓഫര്‍ വളരെ സന്തോഷപൂര്‍വം നിരസിക്കുകയാണ്- മണികണ്ഠന്‍ പറഞ്ഞു. ഇതോടെ, വയനാട്ടിലെ 3 മണ്ഡലങ്ങളില്‍ രണ്ടിലും ബിജെപിക്കു സ്ഥാനാര്‍ഥികളില്ല. ബത്തേരി സീറ്റ് ഒഴിച്ചിട്ടാണ് ഇന്നലെ പട്ടിക പുറത്തുവിട്ടത്. കല്‍പറ്റയില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റാണു സ്ഥാനാര്‍ഥി.