ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പിടികൂടിയ നാല് കോടി രൂപ ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റേത് തന്നെയെന്ന് പൊലീസ്. തിരുനെല്‍വേലിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് ഈ പണം കൊണ്ടുവന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു.
മോദിയുടെ തിരുനെല്‍വേലി റാലി നടക്കുന്നതിനു തൊട്ടു മുന്‍പാണ് പൊലീസ് എഫ്‌ഐആര്‍ പകര്‍പ്പ് പുറത്തുവിട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായ ഏപ്രില്‍ 22ന് ഹാജരാകാന്‍ നൈനാറിന് പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്.
പിടിച്ചെടുത്ത പണവുമായി തനിക്ക് ബന്ധമില്ലെന്ന നൈനാര്‍ നാഗേന്ദ്രന്റെ അവകാശവാദം പൊലീസ് വിശ്വസിച്ചിട്ടില്ല. കാരണം പ്രതികള്‍ ട്രെയിന്‍ യാത്രയ്ക്കുള്ള എമര്‍ജന്‍സി ക്വാട്ടയ്ക്കായി അപേക്ഷ നല്‍കിയത് നൈനാറുടെ ലെറ്റര്‍പാഡിലാണ്. സ്റ്റേഷനിലേക്ക് പോകും മുന്‍പ് മൂവരും നൈനാറുടെ ഹോട്ടലില്‍ തങ്ങി. നൈനാറുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകന്‍ സതീഷിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമിച്ച നൈനാറിനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ വ്യക്തമാക്കി.
സംഭവത്തില്‍ മൗനം വെടിഞ്ഞ കെ.അണ്ണാമലൈ പണവുമായി ബന്ധമില്ലെന്ന് നൈനാര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശരിയായ അന്വേഷണം നടക്കട്ടേയെന്നും പ്രതികരിച്ചു. ബിജെപി സംസ്ഥാന വ്യവസായ സെല്‍ അധ്യക്ഷന്‍ ഗോവര്‍ദ്ധനും പൊലീസ് സമന്‍സ് നല്‍കിയിട്ടുണ്ട്.