X

സ്ഥാനാര്‍ഥിയുടെ വീട്ടില്‍ ചാരായ വാറ്റ്; തെരഞ്ഞെടുപ്പ് ആവശ്യത്തിനെന്ന് മറുപടി

മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വീടിനുള്ളില്‍ ചാരായം വാറ്റ്. കൂത്താട്ടുകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന മേരിയുടെ വീട്ടിലാണ് ചാരായം വാറ്റ്. ഇതേ തുടര്‍ന്ന് മേരിയുടെ ഭര്‍ത്താവ് കുഴുപ്പിള്ളില്‍ കെഎ സ്‌കറിയയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നഗരസഭയിലെ 24ആം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മേരി.

കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മേരി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. കോണ്‍ഗ്രസിന് ഈ ഡിവിഷനില്‍ വേറെ സ്ഥാനാര്‍ഥി ഉണ്ട്. പാര്‍ട്ടിക്കെതിരെ റിബലായി മത്സര രംഗത്ത് എത്തിയതോടെ മേരിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

ഇടയാറില്‍ വീടിനുള്ളില്‍ വെച്ച് ചാരായം വാറ്റുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പിറവം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് പിടികൂടിയത്. മൂന്നര ലിറ്റര്‍ ചാരായവും, ഒന്നര ലിറ്റര്‍ വിദേശമദ്യവും, അടുത്ത വാറ്റിനായി തയാറാക്കി വെച്ചിരുന്ന 50 ലിറ്റര്‍ വാഷ്, കുക്കര്‍, സ്റ്റൗ അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. ഭാര്യയുടെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായാണ് ചാരായം ഉണ്ടാക്കിയതെന്ന് എക്‌സൈസ് സംഘത്തിന് സ്‌കറിയ മൊഴിനല്‍കിയിട്ടുണ്ട്.

web desk 1: