ചണ്ഡിഗഡ്: വെറും അഞ്ചുവോട്ട് കിട്ടി തോറ്റ സ്ഥാനാര്‍ത്ഥി തന്റെ തോല്‍വിയില്‍ സങ്കടപ്പെട്ട് കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. പഞ്ചാബിലെ ജലന്ദറില്‍ നിന്നുളള നീറ്റു ഷട്ടേരന്‍ വാല എന്ന സ്ഥാനാര്‍ത്ഥിയാണ് തോറ്റതറിഞ്ഞ് പൊട്ടിക്കരഞ്ഞത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് അദ്ദേഹം മത്സരിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് പ്രതികരണം ചോദിച്ചപ്പോഴാണ് സ്ഥാനാര്‍ത്ഥി പൊട്ടിക്കരഞ്ഞത്.
വെറും അഞ്ച് വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. എന്നാല്‍ അഞ്ച് വോട്ടുകള്‍ മാത്രം ലഭിച്ചുവെന്നതല്ല, കരയുന്നതിന് കാരണം എന്ന് അയാള്‍ വ്യക്തമാക്കി. തന്റെ കുടുംബത്തില്‍ 9 അംഗങ്ങള്‍ ഉളളപ്പോഴാണ് തനിക്ക് വെറും 5 വോട്ടുകള്‍ മാത്രം ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ സങ്കടം ഇരട്ടിയാക്കുന്നത്.
അതേസമയം, ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. അയല്‍വാസികളുടെ തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും ഇത് ഇവിഎം ക്രമക്കേടാണെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. തന്റെ കുടുംബം പോലും കൈവിട്ടെന്ന് അറിഞ്ഞ സ്ഥാനാര്‍ത്ഥി ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.