X

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Chandrika Web: