ഡോ. രമേശന്‍ സി കെ
കണ്‍സല്‍ട്ടന്റ്
ഗൈനക്ക് ഓങ്കോസര്‍ജറി
ആസ്റ്റര്‍ മിംസ്, കണ്ണൂര്‍
ആരെയും ബാധിക്കാവുന്ന അസുഖം എന്നത് കാന്‍സറിന്റെ പൊതുവായ വിശേഷണമാണ്. സത്രീയെന്നോ പുരുഷനെന്നോ ഉളള ഭേദമൊന്നും പൊതുവെ കാന്‍സറിന് കാണാറില്ല. എന്നാല്‍ സ്ത്രീകളുടെ സവിശേഷമായ ശാരീരികമായ പ്രത്യേകതകള്‍ മൂലം ചില കാന്‍സര്‍ രോഗങ്ങള്‍ സ്ത്രീകളെ മാത്രം ബാധിക്കുന്നവയാണ്. അത്തരം കാന്‍സറുകള്‍ ഏതെല്ലാമാണെന്നും അവയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നും പരിശോധിക്കാം.
1) സ്തനാര്‍ബുദം:
പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദ രോഗവിഭാഗമാണ് സ്തനാര്‍ബുദം. എന്നാല്‍ അപൂര്‍വ്വമായി പുരുഷന്മാരിലെ സ്തനങ്ങളെയും അര്‍ബുദ രോഗം ബാധിക്കാറുണ്ട്. ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദ രോഗത്തിന്റെ 27.7 ശതമാനവും സ്തനാര്‍ബുദമാണെന്നാണ് കണക്ക്. നേരത്തെ തിരിച്ചറിയുവാനും ഏറ്റവും ഫലപ്രദമായി ഭേദമാക്കുവാനും സാധിക്കുന്ന അര്‍ബുദ രോഗമാണ് സ്തനാര്‍ബുദം.
ഇനി പറയുന്ന ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
മാസമുറയുമായി ബന്ധപ്പെട്ടതല്ലാതെ കക്ഷത്തിലോ സ്തനങ്ങളിലോ വേദന അനുഭവപ്പെടുക, സ്തനങ്ങളുടെ തൊലിപ്പുറത്ത് തടിപ്പോ നിറം മാറ്റമോ കാണപ്പെടുക, മുലക്കണ്ണുകളുടെ ചുറ്റുമോ മുകളിലോ തടിപ്പ് കാണപ്പെടുക, മുലക്കണ്ണില്‍ നിന്ന് രക്തമോ സ്രവമോ പുറത്ത് വരിക, മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, വലുപ്പത്തിലോ ആകൃതിയിലോ മാറ്റം അനുഭവപ്പെടുക, സ്തനങ്ങളിലോ കക്ഷത്തിലോ മുഴകള്‍ കാണപ്പെടുക. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് വിദഗദ്ധ ചികിത്സ നേടണം.
സ്തനപരിശോധനയാണ് രോഗനിര്‍ണ്ണയത്തിന് ഏറ്റവും അനുയോജ്യമായ രീതി. സ്ഥിരമായി സ്വയം സ്തന പരിശോധന ചെയ്യുന്നതിലൂടെ എളുപ്പത്തില്‍ സ്തനാര്‍ബുദ സാധ്യത തിരിച്ചറിയാന്‍ സാധിക്കും. മാമ്മോഗ്രാം ഉള്‍പ്പെടെയുള്ള ചികിത്സാ രീതികളിലൂടെയും സ്തനാര്‍ബുദം നിര്‍ണ്ണയിക്കാന്‍ സാധിക്കും. രോഗത്തിന്റെ അവസ്ഥയ്ക്കനുസരിച്ചാണ് ചികിത്സ നിര്‍ണ്ണയിക്കുക. റേഡിയേഷന്‍, കീമോതെറാപ്പി, ശസ്ത്രക്രിയ മുതലായ ചികിത്സാ രീതികള്‍ സാഹചര്യത്തിനനുസരിച്ച് ഡോക്ടര്‍ നിര്‍ദ്ദേശിക്കും.
2) ഗര്‍ഭാശയഗള കാന്‍സര്‍:
സ്ത്രീകളെ ബാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട അര്‍ബുദ രോഗവിഭാഗമാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഗര്‍ഭാശയത്തിന് അടിഭാഗത്തുള്ള ഇടുങ്ങിയ ഭാഗമായ ഗര്‍ഭാശയ ഗളത്തെയാണ് ഈ അര്‍ബുദ രോഗം ബാധിക്കുന്നത്. ലക്ഷണങ്ങള്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍ പെടില്ല എന്നതാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ പ്രതിരോധ കുത്തിവെപ്പെടുത്താല്‍ വരാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്ന സവിശേഷതയും ഗര്‍ഭാശയ ഗള കാന്‍സറിനുണ്ട്. സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ത്രീകളില്‍ കാണപ്പെടുന്ന രണ്ടാമത്തെ കാന്‍സര്‍ രോഗമാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) ആണ് ഗര്‍ഭാശയഗള കാന്‍സറിനുള്ള പ്രധാന കാരണം. ആര്‍ത്തവം ക്രമം തെറ്റുക, ആര്‍ത്തവിമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം കാണപ്പെടുക, ലൈംഗിക ബന്ധത്തിന് ശേഷംരക്തസ്രാവം കാണപ്പെടുക, അകാരണമായ ക്ഷീണം, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, വെല്ലപോക്ക്, നടുവേദന, കാലില്‍ നീര് കാണപ്പെടുക തുടങ്ങിയവ പൊതുവായ ലക്ഷണങ്ങളാണ്.
സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പ് വരുത്തുക, പുകയില പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക, വൈറസിനെതിരായ കുത്തിവെപ്പെടുക്കുക, കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ എടുക്കുക എന്നീ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ രോഗത്തെ അകറ്റി നിര്‍ത്താനോ നേരത്തെ തിരിച്ചറിയാനോ സാധിക്കും.
പാപ്സ്മിയര്‍ ടെസ്റ്റാണ് ഗര്‍ഭാശയഗള കാന്‍സര്‍ തിരിച്ചറിയാനുള്ള പ്രധാന പരിശോധന. ഇതിലൂടെ ഗര്‍ഭാശയമുഖത്തെ കോശങ്ങളിലെ മാറ്റം, കാന്‍സര്‍ കോശങ്ങളുടെ സാന്നിദ്ധ്യം, കാന്‍സവരാനുള്ള സാധ്യത മുതലായവയെല്ലാം തിരിച്ചറിയാന്‍ സാധിക്കും. താരതമര്യേന ചെലവ് കുറഞ്ഞ പരിശോധനാ രീതിയാണിത്. 30 വയസ്സ് പിന്നിട്ട സ്ത്രീകള്‍ മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ നിര്‍ബന്ധമായും പാപ്സ്മിയര്‍ പരിശോധന നിര്‍വ്വഹിക്കണം. എല്‍ ബി സി പരിശോധന, എച്ചി പി വി ടെസ്റ്റ്, വി ഐ എ മുതലായ പരിശോധനാ രീതികളും നിലവിലുണ്ട്. പ്രതിരോധ കുത്തിവെപ്പെടുക്കുക എന്നത് തന്നെയാണ് ഏറ്റവും മികച്ച ചികിത്സ. രോഗബാധിതനായശേഷമുള്ള ചികിത്സ രോഗത്തിന്റെ അവസ്ഥ പരിഗണിച്ചാണ് പുരോഗമിക്കുക. സര്‍ജറി, റേഡിയോതെറാപ്പി, കീമോതെറാപ്പി, മുതലായവയില്‍ ഉചിതമായ ചികിത്സ ഡോക്ടറുടെ തീരുമാനത്തിനനുസരിച്ചായിരിക്കും സ്വീകരിക്കുക.
3) ഗര്‍ഭാശയ കാന്‍സര്‍
സ്ത്രീകളുടെ ജനനേന്ദ്രിയ വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഗര്‍ഭാശയം. വസ്തി പ്രദേശത്ത് മൂത്രസഞ്ചിക്കു മലാശയത്തിനും മധ്യത്തിലായാണ് ഗര്‍ഭാശയം സ്ഥിതി ചെയ്യുന്നത്. ഗര്‍ഭാശയങ്ങളില്‍ മുഴകള്‍ (ഫൈബ്രോയിഡ്) കാണപ്പെടുന്നത് അത്ര അപൂര്‍വ്വമായ കാര്യമല്ല. എന്നാല്‍ പൊതുവെ ഇത്തരം മുഴകള്‍ നിരുപദ്രവകാരികളായിരിക്കും. ആര്‍ത്തവ വിരാമത്തോടെ അപ്രത്യക്ഷമാവുന്നവയാണ് ഇവയില്‍ ഭൂരിഭാഗം മുഴകളും. ഗര്‍ഭാശയ ഭിത്തിയുടെ ആവരണത്തില്‍ കോശങ്ങള്‍ പെരുകുന്ന അവസ്ഥയെ എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍ പ്ലാസിയ എന്ന് പറയുന്നു. ഈ അവസ്ഥ ചിലപ്പോള്‍ കാന്‍സറായി പരിണാമപ്പെടാറുണ്ട്. അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് ഗര്‍ഭാശയ കാന്‍സര്‍ പ്രധാനമായും കാണപ്പെടുന്നത്. ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയരായവര്‍, സ്തനാര്‍ബുദത്തിന് മരുന്ന് കഴിച്ചവര്‍ മുതലായവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
പൊതുവെ ആര്‍ത്തവ വിരാമത്തിന് ശേഷമാണ് ഗര്‍ഭാശയ കാന്‍സര്‍ കാണപ്പെടുന്നത്. ചിലരില്‍ ആര്‍ത്തവ വിരാമത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഗര്‍ഭാശയ കാന്‍സര്‍ പ്രത്യക്ഷപ്പെടാം. യോനിയിലെ അസാധാരണ രക്തസ്രാവം, മൂത്രമൊഴിക്കുമ്പോള്‍ പ്രയാസമോ വേദനയോ, മൂത്രമൊഴിച്ച ശേഷവും വസ്തി പ്രദേശത്ത് വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടാം. വസ്തിപ്രദേശത്തെ പരിശോധനയാണ് രോഗനിര്‍ണ്ണയങ്ങളില്‍ ഒരു മാര്‍ഗ്ഗം. യോനീനാളം, ഗര്‍ഭാശയം, ഗര്‍ഭാശയഗളം, മൂത്രസഞ്ചി, മലാശയം തുടങ്ങിയ ഭാഗങ്ങള്‍ ഈ പരിശോധനയില്‍ ഉള്‍പ്പെടുന്നു. പാപ്സ്മിയര്‍ ടെസ്റ്റ് ചിലപ്പോള്‍ നടത്താറുണ്ട്. പ്രധാനമായും ഗര്‍ഭാശയ ഗളത്തിലെ കോശങ്ങളാണ് ഈ പരിശോധനയ്ക്ക് സ്വീകരിക്കാറുള്ളത്. ഇതിലൂടെ ഗര്‍ഭാശയത്തിലെ അവസ്ഥ കൃത്യമായി ചിലപ്പോള്‍ തിരിച്ചറിഞ്ഞില്ല എന്ന് വരും, ഈ സാഹചര്യത്തില്‍ ഗര്‍ഭാശയത്തിലെ കോശങ്ങള്‍ സ്വീകരിച്ച് ബയോപ്സി പരിശോധന നടത്താറുണ്ട്. ട്രാന്‍സ് വജിനല്‍ അല്‍ട്രാസൗണ്ട് പരിശോധന, ബയോപ്സി തുടങ്ങിയ രോഗനിര്‍ണ്ണയ മാര്‍ഗ്ഗങ്ങളും ഉചിതമായ സാഹചര്യങ്ങളില്‍ സ്വീകരിക്കാറുണ്ട്. രോഗത്തിന്റെ അവസ്ഥ അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, ഹോര്‍മോണല്‍ തെറാപ്പി, മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മുതലായവയില്‍ ഉചിതമായവ ഡോക്ടറുടെ തീരുമാനത്തിനനസരിച്ച് നിര്‍ദ്ദേശിക്കപ്പെടും.