Dr. Muhammed Shafi
Specialist Oncology
Aster MIMS Hospital Kottakkal
ഇന്ത്യയിലെ കാന്‍സര്‍ രജിസ്ട്രിയുടെ കണക്കനുസരിച്ച് രാജ്യത്ത് കാണപ്പെടുന്ന കാന്‍സറുകളില്‍ 1.6 ശതമാനം മുതല്‍ 4.8 ശതമാനം വരെ കാന്‍സര്‍ 15 വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളിലാണ് രേഖപ്പെടുത്തപ്പെടുന്നത്. പത്ത് ലക്ഷത്തില്‍ 38 മുതല്‍ 124 വരെ കുഞ്ഞുങ്ങള്‍ കാന്‍സര്‍ ബാധിതരാണെന്ന് സാരം. പോഷകാഹാരക്കുറവും അണുബാധയും മൂലമുണ്ടാകുന്ന മരണനിരക്ക് മാറ്റി നിര്‍ത്തിയാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കുന്നതും കാന്‍സര്‍ ആണ്.
പ്രധാന കാരണങ്ങള്‍
ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കുക എളുപ്പമല്ല. പല വിധത്തിലുള്ള കാരണങ്ങള്‍ കാന്‍സറിന് ഇടയാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജനിതക പരമായ കാരണങ്ങളാല്‍ കുഞ്ഞുങ്ങളില്‍ കാന്‍സര്‍ ബാധിക്കുന്നതായി കാണപ്പെടുന്നുണ്ട്. ക്രോമസോം നമ്പര്‍ 13 ലെ വ്യതിയാനവും, 11ലെ വ്യതിയാനവുമെല്ലാം ചില കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡൗണ്‍സിന്‍ഡ്രോം, അനീമിയ, ബ്ലൂം സിന്‍ഡ്രോം മുതലായവയുള്ള കുഞ്ഞുങ്ങള്‍ക്ക് രക്തത്തിലെ കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ചിലയിനം കാന്‍സറുകള്‍ കുടുംബ പാരമ്പര്യത്തിന്റെ ഭാഗമായും കാണപ്പെടുന്നു. കീടനാശിനികളിലും മറ്റും ഉപയോഗിക്കുന്ന ചില രാസപദാര്‍ത്ഥങ്ങള്‍ കാന്‍സറിന് കാരണമാകുന്നുണ്ട്. തെറ്റായ കൃഷിരീതികളും, ഭക്ഷണ രീതികളുമെല്ലാം മൂലം ഇത് കുഞ്ഞുങ്ങളിലെത്തിച്ചേരുന്നത് കാന്‍സറിലേക്ക് നയിച്ചേക്കാം. ന്യൂറോഫൈബ്രോമറ്റോസിസ് ഉള്ള കുഞ്ഞുങ്ങളില്‍ ലിഫോമ, തലച്ചോറിലെ മുഴകള്‍, മൃദുകലകളിലെ കാന്‍സര്‍, തലച്ചോറിനെ ആവരം ചെയ്തിരിക്കുന്ന സ്തരത്തിലെ കാന്‍സര്‍ എന്നിവയക്കുള്ള സാധ്യത കൂടുതലാണ്.
ചില തരം റേഡിയേഷനുകള്‍ കുഞ്ഞുങ്ങളില്‍ കാന്‍സറിന് കാരണമാകാറുണ്ട്. പലപ്പോഴും മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനാണ് കാരണം എന്ന് തെറ്റിദ്ധരിക്കാറുണ്ടെങ്കിലും ഇത് അത്ര അപകടകരമല്ല, മറിച്ച് എക്സ് റേ കിരണങ്ങള്‍, ഗാമ കിരണങ്ങള്‍ മുതലായവ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ളവയാണ്.
ലക്ഷണങ്ങള്‍
പല തരത്തിലുള്ള വിഭാഗങ്ങളില്‍ പെട്ട കാന്‍സറുകള്‍ ഉള്ളതിനാല്‍ തന്നെ കാന്‍സറിന്റെ ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും വിളര്‍ച്ച, അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം കുറഞ്ഞ് പോവുക, അമിതമായ വിയര്‍പ്പ് പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍ കാണപ്പെടുക, കഴല വീക്കം, ഇടവിട്ടുള്ള പനി, രക്തസ്രാവം, സന്ധിവേദന, അസ്ഥികളില്‍ വേദന, കരള്‍ വീക്കം, പ്ലീഹ വീക്കം, വയറില്‍ നീലനിറം, വയറില്‍ മുഴ കാണപ്പെടുക, മുതലായ അനേകം ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്.
ചികിത്സാ രീതികള്‍
രോഗത്തിനും, അസുഖത്തിന്റെ തീവ്രതയ്ക്കും സ്വഭാവത്തിനുമെല്ലാം അനുസരിച്ചാണ് ചികിത്സ നിര്‍ണ്ണയിക്കപ്പെടുക. ചിലര്‍ക്ക് ഓപ്പറേഷനുകള്‍ ആവശ്യമായി വന്നേക്കാം, മരുന്നുപയോഗിച്ചുള്ള കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി തുടങ്ങിയ ചികിത്സകളില്‍ ഏത് വേണമെന്നത് കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ദ്ധന്റെ നിര്‍ദ്ദേശത്തിന് വിട്ടുകൊടുക്കാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നേരത്തെയുള്ള രോഗനിര്‍ണ്ണയവും, ഉചിതവും ശാസ്ത്രീയവുമായ ചികിത്സ എത്രയും പെട്ടെന്ന് തന്നെ സ്വീകരിക്കലുമാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സ അതേ രീതിയില്‍ തന്നെ മുന്‍പിലേക്ക് പോയാല്‍ ഏറെക്കുറെ എല്ലാ കാന്‍സറുകളെയും പ്രതിരോധിക്കുവാനും അതിജീവിക്കുവാനും സാധിക്കും. ഇടയ്ക്ക് വെച്ച് ചികിത്സ മുടക്കുകയോ, മറ്റ് ഒറ്റമൂലി പോലുള്ള ചികിത്സകള്‍ തേടിപ്പോവുകയോ ചെയ്യുന്നത് പിന്നീട് നികത്താനാവാത്ത നഷ്ടങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ഓര്‍മ്മിക്കുക.