X

അര്‍ബുദത്തെ നശിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്ന 50 വര്‍ഷം പഴക്കമുള്ള ബാക്ടീരിയയെ കണ്ടെത്തി ഗവേഷകര്‍

അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ നമ്മുടെ പ്രതിരോധ സംവിധാനത്തെ സഹായിക്കാന്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു ബാക്ടീരിയയ്ക്ക് സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ മിസൗറി സര്‍വകലാശാലയിലെ ഗവേഷകന്‍.

പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് ശരീരത്തില്‍ അനിയന്ത്രിതമായി വളര്‍ന്ന് മുഴകളായി മാറാന്‍ അര്‍ബുദ കോശങ്ങള്‍ക്ക് സാധിക്കുന്നു. സാധാരണ കോശങ്ങള്‍ തങ്ങളെ നശിപ്പിക്കരുതെന്ന സന്ദേശം തന്മാത്രകള്‍ വഴി പ്രതിരോധ കോശങ്ങള്‍ക്ക് നല്‍കാറുണ്ട്. സാധാരണ കോശങ്ങളെ അനുകരിച്ച് ഇത്തരം സന്ദേശങ്ങള്‍ പുറപ്പെടുവിച്ചാണ് അര്‍ബുദ കോശങ്ങള്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കുന്നത്.

ഇത്തരം സന്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് അര്‍ബുദ കോശങ്ങളെ തടയുകയാണ് ഇമ്മ്യൂണോതെറാപ്പി മരുന്നുകള്‍ ചെയ്യുന്നത്. എന്നാല്‍ പ്രോസ്‌റ്റേറ്റ് അര്‍ബുദം പോലെ ചില അര്‍ബുദങ്ങളില്‍ ഇമ്മ്യൂണോതെറാപ്പി ഫലം ചെയ്യില്ല. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ കീഴ്‌പ്പെടുത്താന്‍ ഇത്തരം അര്‍ബുദ കോശങ്ങള്‍ക്കാകും. ഇതിനൊരു പരിഹാരമാണ് 50 വര്‍ഷം പഴക്കമുള്ള ബാക്ടീരിയ വകഭേദത്തിലൂടെ മിസൗറി സര്‍വകലാശാലയിലെ ബയോളജി സയന്‍സസ് ഡിവിഷന്‍ അസിസ്റ്റന്റ് പ്രഫസര്‍ വെസ് ചാബു മുന്നോട്ട് വയ്ക്കുന്നത്.

രോഗികളുടെ ഇമ്മ്യൂണോതെറാപ്പി സംബന്ധമായ പരിമിതികളെ ജനിതക പരിവര്‍ത്തനം നടത്തിയ ബാക്ടീരിയയിലൂടെ മറികടക്കാമെന്ന് പ്രഫസര്‍ പറയുന്നു. അര്‍ബുദ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ അര നൂറ്റാണ്ടിലേറെ സാധാരണ താപനിലയില്‍ സൂക്ഷിച്ചിരുന്ന സാല്‍മോണെല്ല ബാക്ടീരിയയുടെ വിഷമയമല്ലാത്ത വകഭേദമായ CRC2631 കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെയും മിസൗറി സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരുന്നു. CRC2631 ഉപയോഗിച്ച് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പ്രോസ്‌റ്റേറ്റ് കാന്‍സറിനെതിരെയും തിരിച്ചു വിടാനാകുമെന്ന് ചാബു ചൂണ്ടിക്കാണിക്കുന്നു.

Test User: