നിരന്തരമായി വിമാന സർവീസുകൾ റദ്ദാക്കുന്നത് പോലുള്ള നിരുത്തരവാദപരമായ പ്രവണതകൾ തടയാനും അതിന്റെ ഫലമായി പ്രവാസി യാത്രക്കാർക്ക് ഉണ്ടാകുന്ന കടുത്ത പ്രയാസങ്ങൾക്ക് പരിഹാരം കാണാനും കേന്ദ്രസർക്കാർ ഇടപെടണമെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു. അവസാന സമയത്തുള്ള ഫ്ലൈറ്റ് റദ്ദാക്കൽ വലിയ കഷ്ടപ്പാടുകളാണ് യാത്രക്കാർക്ക് നൽകിയത്. വിസ കാലാവധി തീർന്നുപോകുന്നതും ജോലി നഷ്ടപ്പെടുന്നതുമടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങൾ പല പ്രവാസികൾക്കും അനുഭവിക്കേണ്ടതായി വന്നു.
എന്നിട്ടും ഇത്തരം കഷ്ടനഷ്ടങ്ങൾക്ക് വിധേയരായവർക്ക് നഷ്ടപരിഹാരം നൽകാൻ പോലും എയർലൈനുകൾ തയ്യാറാകുന്നില്ല. കേന്ദ്രസർക്കാർ ഇടപെട്ട് ഈ അവസ്ഥക്ക് അന്ത്യം കുറിക്കണമെന്ന് ലോക്സഭയിൽ സിവിൽ ഏവിയേഷൻ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.
ഫ്ലൈറ്റ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ഒരു സഹോദരിക്ക് മസ്കറ്റിൽ വെച്ച് മരണപ്പെട്ട ഭർത്താവിൻ്റെ അന്ത്യനിമിഷത്തിൽ അദ്ദേഹത്തിൻ്റെ അടുക്കൽ എത്തിച്ചേരാൻ സാധിക്കാത്ത സംഭവങ്ങൾ പോലും ഉണ്ടായി. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും അവർക്ക് ടിക്കറ്റ് ലഭിച്ചതുമില്ല. ഇത്രയൊക്കെയായിട്ടും നഷ്ടപരിഹാരത്തിനുവേണ്ടിയുള്ള അവരുടെ അപേക്ഷ എയർലൈൻ തള്ളിക്കളയുകയാണുണ്ടായത്. വിദേശത്തുവെച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിലും പ്രവാസികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട് സിവിൽ ഏവിയേഷൻ രംഗത്ത് യാത്രക്കാരോടുള്ള സൗഹൃദത്തിലൂന്നിയ മനുഷ്യത്വപരമായ സമീപനം ആർജ്ജിക്കാൻ ഇനിയും നടപടികൾ ആവശ്യമായിട്ടുണ്ട്. വിദേശത്തുവെച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിലും പ്രവാസികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. സിവിൽ ഏവിയേഷൻ രംഗത്ത് യാത്രക്കാരോടുള്ള സൗഹൃദത്തിലൂന്നിയ മനുഷ്യത്വപരമായ സമീപനം ആർജ്ജിക്കാൻ ഇനിയും നടപടികൾ ആവശ്യമായിട്ടുണ്ട്.
ആഘോഷവേളകളിലും അവധിക്കാലത്തും ടിക്കറ്റ് ചാർജ്ജ് കുത്തനെ ഉയർത്തുന്ന അന്യായം നിർബാധം തുടരുകയാണ്. പാർലമെൻറംഗങ്ങളുടെയും പ്രവാസി സംഘടനകളുടെയും കാലങ്ങളായുള്ള പ്രതിഷേധത്തെ വകവക്കാതെയുള്ള ഈ നിലപാട് പ്രവാസികളെ വിശേഷിച്ചും അവരിലെ കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരെ ദുസ്സഹമായ അവസ്ഥയിലേക്കാണ് തള്ളിനീക്കുന്നത്. പൊതുഖജനാവിലേക്ക് അമൂല്യമായ സംഭാവനകൾ അർപ്പിക്കുന്ന പ്രവാസികളോടുള്ള ഈ നിലപാട് സകല മര്യാദകളെയും ലംഘിക്കുന്നതാണ്. ആവശ്യക്കാർ കൂടുമ്പോൾ വിലകുറക്കുക എന്ന ലോകമെമ്പാടും പാലിക്കുന്ന ഉപഭോക്തൃമര്യാദ പോലും അവധിക്കാലത്തെ ഭീമമായ ടിക്കറ്റ് ചാർജ് വർദ്ധനവിൽ പ്രവാസിയാത്രികരോട് കാണിക്കുന്നില്ല
ഈ രംഗത്ത് സമൂഹത്തോടുള്ള ബാധ്യസ്ഥത ഉറപ്പുവരുത്താൻ സർക്കാർ ഇടപെടണം. കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകളും വിമാനങ്ങളിൽ സീറ്റും വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അവിടുത്തെ രാജ്യങ്ങളുമായി ചർച്ച നടത്തുകയും തൽസംബന്ധമായി നിലനിൽക്കുന്ന കരാറുകൾ പുതുക്കുകയും ചെയ്യണമെന്ന് സമദാനി ആവശ്യപ്പെട്ടു.
പൈലറ്റുമാരെ തിരഞ്ഞെടുക്കാനുള്ള ആർ.ടി.ആർ പരീക്ഷ സിവിൽ ഏവിഷൻ ഡയറക്ടറേറ്റിന്റെ കീഴിൽ കൊണ്ടുവന്ന നടപടി അഭിനന്ദനാർഹമാണ്. പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാക്കിക്കൊണ്ടും അതിൻ്റെ നടത്തിപ്പുകാർക്ക് ആവശ്യമായ പരിശീലനം നൽകിയും പൈലറ്റാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കണം. സുരക്ഷാക്രമം ഭദ്രമാക്കാൻ ഇനിയും നടപടികൾ ആവശ്യമുണ്ട്. മുംബൈ വിമാനത്താവളത്തിൽ ഇയ്യിടെ സംഭവിച്ചതു പോലെ രണ്ട് വിമാനങ്ങൾ ഒറ്റ റൺവേയിൽ വന്നതുപോലുള്ള സംഭവങ്ങൾ സുരക്ഷയെക്കുറിച്ച് ഉൽകണ്ഠ ഉളവാക്കുന്നതാണ്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും സമദാനി ആവശ്യപ്പെട്ടു.