കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. കൊളംബിയയുമായുള്ള മത്സരത്തില്‍ സമനിലയോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം. 1-1 ആയിരുന്നു മത്സര സ്‌കോര്‍. ബ്രസീലിന് വേണ്ടി ബാഴ്‌സ താരം റാഫീഞ്ഞാ 12ാം മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ (45+2) ഡാനിയല്‍ മുനോസിന്റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു. സമനിലയോടെ ബ്രസീല്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി അവസാന എട്ടില്‍ ഇടമുറപ്പിച്ചു. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കള്‍. ക്വാര്‍ട്ടറില്‍ കൊളംബിയ പനാമയെയും ബ്രസീല്‍ ശക്തരായ ഉറുഗ്വേയെയും നേരിടും.
ആദ്യ പകുതിയില്‍ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 12ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു റാഫീഞ്ഞയുടെ ഗോള്‍. റാഫീഞ്ഞയുടെ മനോഹരമായ ഷോട്ട് ഗോള്‍വലയുടെ ഇടതുമൂലയില്‍ പറന്നിറങ്ങുമ്പോള്‍ ഗോള്‍കീപ്പര്‍ കാമിലോ വാര്‍ഗാസിന് ഒന്നുംചെയ്യാനായില്ല. എന്നാല്‍, ഗോള്‍ വീണശേഷം കടുത്ത പ്രത്യാക്രമണത്തിലേക്ക് കൊളംബിയ കടന്നു. ബ്രസീലിയന്‍ പ്രതിരോധത്തെ കൊളംബിയക്കാര്‍ നിരന്തരം പരീക്ഷിച്ചു. 19ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗ്രസിന്റെ ഫ്രീകിക്കിനെ ഹെഡ്ഡറിലൂടെ സാഞ്ചസ് ബ്രസീലിയന്‍ വലക്കുള്ളിലാക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്ന് കണ്ടതോടെ ഗോള്‍ നിഷേധിച്ചു.
ആദ്യ പകുതി കഴിഞ്ഞുള്ള അധികസമയത്തിന്റെ രണ്ടാംമിനിറ്റിലായിരുന്നു ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കൊളംബിയയുടെ സമനില ഗോള്‍. ബ്രസീല്‍ ബോക്‌സിനുള്ളില്‍ പന്ത് ലഭിച്ച പ്രതിരോധക്കാരന്‍ ഡാനിയല്‍ മുനോസ് മനോഹരമായൊരു ഷോട്ടിലൂടെ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഇരുടീമും വിജയത്തിന് വേണ്ടി മത്സരം കടുപ്പിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ജൂലായ് ഏഴിനാണ് ഉറുഗ്വയുമായുള്ള ബ്രസീലിന്റെ മത്സരം. ഇന്ത്യന്‍ സമയം രാവിലെ 6: 30 നാണ് മത്സരം. അന്നേ ദിവസം തന്നെ പുലര്‍ച്ചെ 3: 30 നാണ് കൊളംബിയ പനാമ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഉരുഗ്വേയുമായുള്ള മത്സരത്തില്‍ സൂപ്പര്‍ താരം വിനീഷ്യസിന് ഇറങ്ങാന്‍ സാധിക്കില്ല. രണ്ട് കളികളില്‍ അടുപ്പിച്ച് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാലാണ് മത്സരം നഷ്ടമാകുന്നത്.