കൊച്ചി: മൂവാറ്റുപുഴയില്‍ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു. വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കനാല്‍ ആണ് ഇടിഞ്ഞത്. കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടു. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കനാല്‍ ഇടിഞ്ഞുവീണത്. അപകടത്തിന്‍ ഗതാഗതം സ്തംഭിച്ചു.
മലങ്കര ഡാമില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാല്‍ ആണ് ഇടിഞ്ഞത്. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്‍ പണ്ടപ്പിള്ളി ആരക്കുന്നതിനു സമീപമാണ് അപകടം ഉണ്ടായത്.
കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് വന്‍തോതില്‍ മണ്ണും വെള്ളവും റോഡിലേക്ക് ഇരച്ചെത്തി. ഗതാഗതം സതംഭിച്ചു. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ചെളിയും വെള്ളവും നീക്കിയതിനെത്തുടര്‍ന്നാണ് ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചത്.
നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് കനാല്‍ ഇടിഞ്ഞു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തെത്തുടര്‍ന്ന് ഈ ഭാഗത്തേക്ക് വെള്ളം കടത്തിവിടുന്നത് നിര്‍ത്തി വെച്ചു.