ടൊറന്റോ: ഡല്‍ഹിയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് കനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ. പ്രതിഷേധം ആശങ്കപ്പെടുത്തുന്നതാണ് എന്നും സമാധാപരമായി പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങള്‍ കനഡ എല്ലായ്‌പ്പോഴും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കുന്ന ആദ്യ ലോകനേതാവാണ് ട്രുഡോ.
‘കര്‍ഷക പ്രതിഷേധത്തിന്റെ വാര്‍ത്തയാണ് ഇന്ത്യയില്‍ നിന്ന് വരുന്നത്. ഈ സാഹചര്യം ആശങ്കാജനകമാണ്. അവരുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ഞങ്ങള്‍ക്ക് ആധിയുണ്ട്. ഈ യാഥാര്‍ത്ഥ്യം നിങ്ങളില്‍ പലര്‍ക്കും അറിയാം എന്നെനിക്കറിയാം. ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കട്ടെ, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം എന്നും കനഡയുണ്ട്’ – അദ്ദേഹം പറഞ്ഞു.
സംവാദത്തിന്റെ പ്രധാന്യത്തില്‍ നാം വിശ്വസിക്കുന്നു. നമ്മുടെ ആശങ്കകള്‍ ഇന്ത്യന്‍ സര്‍ക്കാറിനെ അറിയിക്കും. എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട അവസരമാണിത്- ഗുരുനാനാക് ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരമിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് ചര്‍ച്ചയാകാമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. ഉപാധികള്‍ കൂടാതെ ചര്‍ച്ച വേണം എന്നാണ് കര്‍ഷക സംഘടകളുടെ ആവശ്യം.