പണം മാത്രം ലക്ഷ്യമാക്കി ഡോക്ടര്‍മാര്‍ സേവനങ്ങള്‍ ചെയ്യുന്ന ഒരു കാലത്ത് വര്‍ദ്ധിപ്പിച്ച ശമ്പളം തിരിച്ചെടുക്കാന്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നു. കേരളത്തിലോ ഇന്ത്യയിലോ അല്ല, അങ്ങു ദൂരെ കാനഡയിലാണ് ശമ്പളവര്‍ദ്ധനവിനെതിരെ ചിലര്‍ സമരം നടത്തുന്നത്. ശമ്പളം വര്‍ദ്ധിപ്പിച്ച ഒരു കൂട്ടം ഡോക്ടര്‍മാര്‍ സംഘടിച്ചിരിക്കുകയാണ് കാനഡയില്‍.
500 ഡോക്ടര്‍മാര്‍, 150 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങി ഒട്ടേറെ പേരാണ് ശമ്പളവര്‍ദ്ധനവ് പിന്‍വലിക്കാന്‍ കാനഡ ഭരണകൂടത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. തങ്ങള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ രോഗികളും നേഴ്‌സുമാരും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആരോഗ്യവകുപ്പിന് കീഴില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ മേഖലയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. നേഴ്‌സുമാരും ക്ലെര്‍ക്കുകളും മറ്റു ജോലിക്കാരും മോശം സാഹചര്യത്തിലാണ് തൊഴിലെടുക്കുന്നത്. അതുകൊണ്ട് രോഗികള്‍ക്കും വളരെ പരിമിതമായ സേവനങ്ങള്‍ മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വര്‍ദ്ധിപ്പിച്ച പ്രതിഫലം എടുത്തുമാറ്റണം എന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും കഴിഞ്ഞ മാസം 25ന് പുറത്തിറക്കിയ ലെറ്ററില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ശക്തമായ ഒരു പൊതുജനാരോഗ്യ സംവിധാനം നിലവിലുണ്ട്. ആരോഗ്യരംഗത്ത് അന്താരാഷ്ട്ര തലത്തിലുള്ള സൗകര്യങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ശമ്പളവര്‍ദ്ധനവ് ഏര്‍പ്പെടുത്തിയതെന്നാണ് കാനഡ ഭരണകൂടത്തിന്റെ ഭാഗം.