ഒട്ടാവ: നയതന്ത്ര തര്‍ക്കങ്ങള്‍ക്കൊടുവില്‍ കാനഡയും വെനസ്വേലയും പരസ്പരം അംബാസഡര്‍മാരെ പുറത്താക്കി. രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് രണ്ടു ദിവസം മുമ്പ് കാനഡയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വെനസ്വേല പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി വെനസ്വേലന്‍ അംബാസഡറോട് രാജ്യത്തേക്ക് തിരിച്ചുവരരുതെന്ന് കനേഡിയന്‍ ആഭ്യന്തര മന്ത്രാലയവും നിര്‍ദേശിച്ചു.
വെനസ്വേലന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഉപരോധത്തില്‍ പ്രതിഷേധിച്ച് കാനഡയിലെ അംബാസഡറെ വെനസ്വേല നേരത്തെ പിന്‍വലിച്ചിരുന്നു. ബ്രസീലിയന്‍ അംബാസഡറെയും വെനസ്വേല പുറത്താക്കിയിട്ടുണ്ട്.
അഴിമതിയും മനുഷ്യാവകാശ ധ്വംസനവും ആരോപിച്ച് അമേരിക്കന്‍ മാതൃകയില്‍ കാനഡയും 52 വിദേശികള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് നിക്കാളോസ് മഡുറോ ഉള്‍പ്പെടെയുള്ള വെനസ്വേലക്കാരും റഷ്യന്‍, ദക്ഷിണ സുഡാനീസ് നേതാക്കളും ഉപരോധ പട്ടികയില്‍ പെടും. ആഗസ്റ്റില്‍ മഡുറോയെ സ്വേച്ഛാധിപതിയായി വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനസ്വേലക്കെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം വെനസ്വേലന്‍ ഭരണകൂടത്തിനും എണ്ണക്കമ്പനിക്കും പുതുതായി പണം നല്‍കുന്നതില്‍നിന്ന് അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളെ തടഞ്ഞിരിക്കുകയാണ്. അമേരിക്കയും കാനഡയും രാജ്യത്തിനെതിരെ കടന്നാക്രമണം നടത്തുകയാണെന്ന് ഉപരോധങ്ങളെ വിമര്‍ശിച്ചുകൊണ്ട് വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ് അരിയേസ പറയുന്നു.
ഉപരോധങ്ങളിലൂടെ തന്നെ വിരട്ടാന്‍ നോക്കേണ്ടെന്ന് മഡുറോയും വ്യക്തമാക്കിയിട്ടുണ്ട്.