ഇസ്രാഈലിലേക്കുള്ള ആയുധ വില്‍പ്പന നിര്‍ത്താനൊരുങ്ങി കാനഡ. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍.ഡി.പി) അവതരിപ്പിച്ച പാര്‍ലമെന്ററി പ്രമേയത്തെ തുടര്‍ന്നാണ് തീരുമാനം.
പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കാന്‍ വേണ്ട നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതായി എന്‍.ഡി.പി ചൂണ്ടിക്കാട്ടി. ലിബറലുകള്‍, ബ്ലോക്ക് ക്യൂബെക്കോയിസ്, ഗ്രീന്‍ പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെ പാസായ പ്രമേയ പ്രകാരം ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ എന്‍.ഡി.പി ആവശ്യപ്പെട്ടു.
ലിബറലുകളും എന്‍.ഡി.പിയും തമ്മിലുള്ള കരാറിനെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പ് വിജയകരമാവുകയായിരുന്നു. ഫലസ്തീന്‍ രാഷ്ടത്തെ അംഗീകരിക്കാന്‍ എന്‍.ഡി.പി സര്‍ക്കാരിനോട് മുമ്പും ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനിന് അനുകൂലമായി നടന്ന വോട്ടെടുപ്പിനെ കാനഡയിലെ ജൂത സംഘടനാ ഏജന്‍സി കുറ്റപ്പെടുത്തി.
ഇസ്രാഈലിന് ആയുധ കയറ്റുമതി പെര്‍മിറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും, അപേക്ഷകള്‍ കേസുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെന്ന് കാനഡ പറഞ്ഞിരുന്നു. ട്രൂഡോ ഇസ്രാഈലിന്റെ പ്രതിരോധാവകാശത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഒക്ടോബര്‍ 7 ന് തുടങ്ങിയ ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ ആക്രമണത്തെ അദ്ദേഹം വിമര്‍ശിച്ചു.