Categories: Newsworld

യു.എസ് തീരുവക്ക് പ്രതികാര തീരുവ ചുമത്തി കാനഡയും ചൈനയും

ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള യു.എസ് നടപടിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി കാനഡയും ചൈനയും. 25 ശതമാനം തീരുവ ചുമത്താനുള്ള പദ്ധതിയാണ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതുമായി മുന്നോട്ട് പോയാല്‍ ചൊവ്വാഴ്ച മുതല്‍ 30 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.125 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 21 ദിവസത്തിനുള്ളില്‍ അധിക തീരുവ ഈടാക്കുമെന്നും ട്രൂഡോ വ്യക്തമാക്കി.

യു.എസ് മെക്സിക്കോക്കും കാനഡക്കുമെതിരെ ചുമത്തിയ താരിഫുകളില്‍ മാറ്റമില്ലെന്നും നേരത്തെ തീരുമാനിച്ച പോലെ മാര്‍ച്ച് നാലിന് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാനഡയില്‍നിന്നും മെക്സിക്കോയില്‍നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം താരിഫുകളും ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 10 ശതമാനം അധിക താരിഫുകളുമാണ് ചുമത്തിയത്. 30 ദിവസത്തെ ഇടവേളക്കുശേഷം, കനേഡിയന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫും കനേഡിയന്‍ ഊര്‍ജ ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം താരിഫും ചുമത്താനുള്ള യു.എസ് ഭരണകൂടത്തിന്റെ തീരുമാനത്തിന് ഒരു ന്യായീകരണവുമില്ലെന്ന് ട്രൂഡോ പറഞ്ഞു.

കാനഡയില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാനായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും 1.3 ബില്യണ്‍ ഡോളറിന്റെ അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു. യു.എസ് വ്യാപാര നടപടി പിന്‍വലിക്കുന്നതുവരെ തങ്ങളുടെ താരിഫുകള്‍ നിലനില്‍ക്കുമെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. 25 ശതമാനം തീരുവ ചുമത്തിയാല്‍ രാജ്യം അതിനെ നേരിടാന്‍ തയാറാണെന്ന് മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു.

അതേസമയം, മാര്‍ച്ച് 10 മുതല്‍ ഏതാനും യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 10-15 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ചിക്കന്‍, ഗോതമ്പ്, പരുത്തി, ചോളം എന്നിവക്ക് 15 ശതമാനവും പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനവും തീരുവയാണ് ചുമത്തിയത്.

webdesk18:
whatsapp
line