X

മായ്ക്കാനാവുമോ ജനങ്ങള്‍ക്കുണ്ടായ ദുരിതം- എഡിറ്റോറിയല്‍

ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം ആറു വര്‍ഷം പിന്നിടുമ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടയില്‍ തന്നെയാണ് നോട്ട് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. ഭരണഘടനാബെഞ്ചിലെ അഞ്ചില്‍ നാലു ജഡ്ജിമാരും തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുല്‍ നസീര്‍, ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി.വി നാഗരത്‌ന എന്നിവള്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമവിരുദ്ധം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ നാഗരത്‌ന തന്റെ വിധിയില്‍ വിശേഷിപ്പിച്ചത്. എന്റെ കാഴ്ചപ്പാടില്‍ 2016 നവംബര്‍ എട്ടിലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം നിയമവിരുദ്ധമാണ്.

നോട്ട് നിരോധനം നിയമവിധേയമല്ലാത്ത ഒരു അധികാരപ്രയോഗമായിരുന്നു, അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ നടപടിയായിരുന്നു അത്. എന്നാല്‍ ഇത് സംഭവിച്ചത് 2016ല്‍ ആണ് എന്നതിനാല്‍ പഴയ സ്ഥിതി ഇനി പുനഃസ്ഥാപിക്കാനാവില്ലെന്നും ജസ്റ്റിസ് നാഗരത്‌ന വിധിപ്രസ്താവത്തില്‍ പറയുന്നു.
സാങ്കേതികമായി മോദി സര്‍ക്കാറിന് ആശ്വാസമാണ് വിധിയെന്ന് പറയാമെങ്കിലും നോട്ട് നിരോധനം വരുത്തിവെച്ച ദുരിതങ്ങളും കഷ്ടപ്പാടുകളും ഇപ്പോഴും പൊതുജനം അനുഭവിച്ചുവരികയാണ്. നോട്ട് നിരോധനം ചെറുകിട വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബൈല്‍, കാര്‍ഷിക മേഖലകളെ സാരമായി ബാധിച്ചു. പലയിടത്തും വലിയ തോതില്‍ ചെറുകിട സംരംഭങ്ങള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടായി. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.

കള്ളപ്പണവും കള്ളനോട്ടും കണ്ടെത്തുക, അഴിമതി തടയുക, തീവ്രവാദികള്‍ക്കു സഹായം ലഭിക്കുന്നതു തടയുക എന്നിവയായിരുന്നു നോട്ട് റദ്ദാക്കലില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം അവകാശപ്പെട്ട ലക്ഷ്യങ്ങള്‍. ഇത് വിമര്‍ശിക്കപ്പെട്ടപ്പോഴാണ് കറന്‍സി രഹിത ഡിജിറ്റല്‍ സംവിധാനമെന്ന ലക്ഷ്യം പ്രഖ്യാപിക്കുന്നത്. 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയ സാഹചര്യത്തില്‍ കള്ളപ്പണത്തിന്റെ നേരിയ ഒരംശം മാത്രമേ ഒഴിവാക്കാനായുള്ളൂ എന്നാണ് ആക്ഷേപം. കള്ളനോട്ടുകള്‍ കുറഞ്ഞതുമില്ല. 15.41 ലക്ഷം കോടി രൂപയുടെ കറന്‍സികളാണ് അന്ന് അസാധുവാക്കിയത്. എന്നാല്‍, ആര്‍.ബി.ഐയുടെ കണക്ക് അനുസരിച്ച് 15.31 ലക്ഷം കോടിയുടെ നോട്ടുകളും തിരിച്ചുവന്നു. നോട്ട് നിരോധനത്തിലൂടെ മാത്രം എത്ര കള്ളപ്പണം പിടിച്ചു എന്നതില്‍ വ്യക്തതയില്ല. നോട്ട് റദ്ദാക്കലിനു മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന പണത്തിന്റെ 11 ശതമാനം കുറവാണ് ഇപ്പോഴുള്ളത്. മൊത്തം ആഭ്യന്തര ഉത്പാദനമാകട്ടെ 5.7 ശതമാനമായി കൂപ്പുകുത്താന്‍ ആറു മാസമേ വേണ്ടിവന്നുള്ളൂ. നിരോധിത നോട്ടുകള്‍ നശിപ്പിക്കാന്‍ എത്ര പണം ചെലവായെന്നു വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിട്ടില്ല.

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഗണിക്കുമ്പോള്‍, ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ആര്‍.ബി.ഐക്ക് സാധിച്ചിരുന്നോ എന്ന് സംശയം തോന്നുന്നു. നോട്ട് നിരോധനത്തിലൂടെ 98 ശതമാനം നോട്ടുകളും മാറ്റിയെടുക്കാനായിട്ടുണ്ട്. എന്നാല്‍ ഇതിലൂടെ ലക്ഷ്യംവെച്ച കാര്യം സാധിക്കാനായിട്ടില്ലെന്ന് വ്യക്തമാണ്. റിസര്‍വ് ബാങ്ക് നിയമപ്രകാരം നോട്ട് നിരോധനത്തിനുള്ള ശുപാര്‍ശ റിസര്‍വ് ബാങ്ക് ആണ് കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ടത്. അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല അത്തരമൊരു ശുപാര്‍ശ നല്‍കേണ്ടത്. എന്നാല്‍ ഇവിടെ നോട്ടുനിരോധനം നടപ്പാക്കുന്നതിനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത് സര്‍ക്കാരില്‍ നിന്നാണ്. അതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ അഭിപ്രായം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നവംബര്‍ ഏഴിന് റിസര്‍വ് ബാങ്കിന് കത്തെഴുതുകയായിരുന്നു. ആര്‍.ബി.ഐ നല്‍കിയ അഭിപ്രായം ശുപാര്‍ശയായി പരിഗണിക്കാനാവില്ലെന്നും ആര്‍.ബി.ഐ ആക്ട് ഉദ്ധരിച്ച് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞത് പ്രസക്തമാണ്. നോട്ട് നിരോധനത്തിന് ശുപാര്‍ശ നല്‍കാന്‍ ആര്‍.ബി.ഐക്ക് അധികാരം നല്‍കുന്ന അനുച്ഛേദം 26(2), ഏതാനും ചില സീരീസുകളിലുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനാണ്. അല്ലാതെ ഒരു പ്രത്യേക തുകയുടെ എല്ലാ സീരീസും പിന്‍വലിക്കുന്നതിനല്ലെന്നു ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.

ഇതിലൊക്കെ അപ്പുറത്തായിരുന്നു ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ട്. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ട് മാറിക്കിട്ടാന്‍ മാസങ്ങളോളമാണ് ആളുകള്‍ ബാങ്കുകള്‍ക്കുമുന്നില്‍ വരിനിന്നത്. ഇങ്ങനെ വരി നില്‍ക്കവേ മരിച്ചു വീണവരും നിരവധിയാണ്. നിരവധി ചെറുകിട തൊഴിലാളികള്‍ക്കു ജോലി നഷ്ടമായി. ചെറുകിട തൊഴില്‍ ശാലകള്‍ പൂട്ടി. മൊത്തത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെതന്നെ താളം തെറ്റിക്കുന്നതായിരുന്നു നോട്ടു നിരോധനം, ഭരണാധികാരികള്‍ അതംഗീകരിക്കുന്നില്ലെങ്കിലും. സുപ്രീംകോടതിയില്‍നിന്ന് ഇനി മറിച്ചൊരു വിധിയുണ്ടായാലും ജനങ്ങള്‍ അന്നനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം പകരാനാവില്ലല്ലൊ.

webdesk13: