ന്യൂഡല്‍ഹി: ലൈംഗിക അധിക്ഷേപ കേസുകളില്‍ പ്രതിയും അതിജീവിതയും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയാല്‍ ഹൈക്കോടതിക്ക് കേസ് റദ്ദാക്കാനാകുമോ എന്ന നിയമപ്രശ്‌നത്തില്‍ ഉത്തരം കണ്ടെത്താന്‍ സുപ്രിം കോടതി. ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി മുന്‍ കേരള ഹൈക്കോടതി ജഡ്ജി ആര്‍ ബസന്തിനെ നിയമിച്ചു. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ജെ.ബി പര്‍ഡി വാലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം.
സ്‌കൂളില്‍ വെച്ച് പതിനഞ്ചുകാരിയെ അധ്യാപകന്‍ ലൈംഗീകമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നടന്നു വന്നിരുന്ന ഒരു കേസില്‍ പ്രതിഭാഗവും വാദിഭാഗവും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുകയും തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ഇരുകൂട്ടരും ചേര്‍ന്ന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണായകമായ നിയമപ്രശ്‌നത്തിന് ഉത്തരം കണ്ടെത്താന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
ലൈംഗീക അധിക്ഷേപക കേസുകളില്‍ പലതിലും പരാതിക്കാരും പ്രതികളും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തുന്നത് ഇപ്പോള്‍ പതിവ് സംഭവമാണ്. ലൈംഗീക പീഡന, ലൈംഗീക അധിക്ഷേപ കേസുകള്‍ ഒരു വ്യക്തിക്കെതിരെ മാത്രമല്ല ഒരു സമൂഹത്തിനെതിരെ തന്നെയുള്ള അതിക്രമമായാണ് ഇന്ത്യന്‍ ശിക്ഷാ നിയമം കാണുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ എങ്ങനെ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം പിന്‍വലിക്കാനാവും എന്ന നിയമപ്രശ്‌നത്തിനാണ് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത്.