X

ശുഭ്മാന്‍ ഗില്‍ ദ്രാവിഡിന്റെ പിന്മുറക്കാരനോ….

 

ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റിലെ രാഹുല്‍ ദ്രാവിഡ് ഇപ്പോഴും ബാറ്റിംഗ് ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യമാണ്. ആരുടെ ശൈലിയാണ് ഇഷ്ടമെന്ന് ക്രിക്കറ്റ് യുവത്വത്തോട് ചോദിച്ചാല്‍ ഭൂരിപക്ഷവും പരിഗണിക്കുന്നത് രാഹുല്‍ ശൈലിയാണ്. ആധികാരികമായി ബാറ്റേന്തുക. ബാറ്റിംഗ് എന്ന കലയിലെ ക്ലാസ് പോലെയാണ് രാഹുല്‍ ഇന്നിംഗ്‌സുകള്‍. ഇന്ത്യന്‍ അണ്ടര്‍ 19 സംഘത്തില്‍ രാഹുലിനെ പോലെയാവാന്‍ കൊതിക്കുന്നവരില്‍ മുമ്പനാണ് ശുഭ്മാന്‍ ഗില്‍. ഇന്നലെ സെമി ഫൈനലില്‍ പാക്കിസ്താനെതിരെ പുറത്താവാതെ നേടിയ സെഞ്ച്വറിയില്‍ ഗില്‍ പായിച്ചത് ഏഴ് ബൗണ്ടറികള്‍ മാത്രം. കാടനടികള്‍ക്ക് മുതിരാതെ പ്രതിരോധം ഭദ്രമാക്കി വിക്കറ്റിനിടയിലെ ഓട്ടത്തില്‍ മികവ് കാട്ടി, റണ്‍ വിളിക്കുന്നതില്‍ ജാഗ്രത പാലിച്ചുള്ള മുഴുനീള ഇന്നിംഗ്‌സ്. തുടര്‍ച്ചായി രണ്ട് സെഞ്ച്വറികള്‍, നാല് തവണ അര്‍ധശതകം-ഈ റണ്‍വേട്ടക്ക് അദ്ദേഹം നന്ദി പറയുന്നത് ഗുരുവിനോട് തന്നെ.

അധികം സംസാരിക്കില്ല ഗില്‍-പക്ഷേ രാഹുല്‍ സാറിനെക്കുറിച്ച് ചോദിച്ചാല്‍ വാചാലനാവും. ബംഗ്ലാദേശിനെതിരായ സെമിയില്‍ മാന്‍ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കിയ ശേഷം കോച്ചിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഗില്‍ പറഞ്ഞു-രാഹുല്‍ സാര്‍ പറഞ്ഞത് വായുവില്‍ പന്തിനെ ആക്രമിക്കരുത്, മൈതാനത്തിലൂടെ മാത്രം പ്രഹരിക്കുക എന്നാണ്. ആ അടിസ്ഥാനമാണ് എന്റെ ബാറ്റിംഗില്‍ ഞാന്‍ ചെയ്യുന്നത്. ഗില്‍ തന്നെയായിരുന്നു ഇന്നലെയും കളിയിലെ കേമന്‍. അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ക്രെഡിറ്റ് നല്‍കിയതും കോച്ചിന്.

 

കൂറ്റനടികള്‍ എന്നത് ഗില്ലിന്റെ അജണ്ടയില്‍ വരുന്നില്ല.സ്വീപ്പ് ഷോട്ടുകളാണ് യുവതാരത്തിന് പ്രിയങ്കരം. ഷോട്ട് ആം ഷോട്ടുകളും അപ്പര്‍ കട്ടുകളും സ്ലോഗ് സ്വീപ്പുകളും ഇഷ്ടപ്പെടുമ്പോള്‍ തന്നെ പന്തിനെ ഗ്യാലറിയിലെത്തിക്കുക എന്ന സാഹസത്തിന് ഗില്ലിന് താല്‍പ്പര്യമില്ല. പാക്കിസ്താനുമായി ഇന്നലെ കളിക്കുമ്പോള്‍ മധ്യനിരക്കാര്‍ മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താവുമ്പോള്‍ ഗില്‍ ചെയ്തത് കൃത്യമായ റണ്‍ കോള്‍ നടത്തി സിംഗിളും ഡബിളുകളും നേടുകയായിരുന്നു. ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്കാരാണ് ഗില്ലിനെ വിളിച്ചെടുത്തിരിക്കുന്നത്. കുട്ടി ക്രിക്കറ്റില്‍ വേണ്ടത് കൂറ്റനടികളാണ്. അതിന് പക്ഷേ ഗില്ലിന് കഴിയുമോ എന്നത് കണ്ടറിയണം.

chandrika: