X

പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി; മൂന്ന് മണ്ഡലങ്ങളിലും എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല

കൊച്ചി: ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടി. പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസ്, ദേവികുളത്തെ എഐഎഡിഎംകെ. സ്ഥാനാര്‍ത്ഥി ധനലക്ഷ്മി എന്നിവരാണ് പത്രിക തള്ളിയ വരണാധികാരികളുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജികളില്‍ ഇടപെടാനുള്ള പരിമിതിയാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞ ശേഷം ഇത്തരം ഹര്‍ജികളില്‍ ഇടപെടുന്നതിന് കോടതിക്ക് നിയമപരമായ പരിമിതികളുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥികളില്ലാതായി.

സാങ്കേതിക പിഴവിന്റെപേരില്‍ പത്രിക തള്ളിയതിനെയാണ് എന്‍. ഹരിദാസും അഡ്വ. നിവേദിതാ സുബ്രഹ്മണ്യനും ചോദ്യംചെയ്തത്. ഞായറാഴ്ച അടിയന്തര സിറ്റിങ് നടത്തി നിവേദിതയുടെയും ഹരിദാസിന്റെയും ഹര്‍ജികള്‍ കോടതി കേള്‍ക്കുകയും ചെയ്തു.

തലശ്ശേരിയിലെ പത്രികയോടൊപ്പം നല്‍കിയ ഫോറം എയില്‍ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരില്‍ നല്‍കിയ ഫോറത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകള്‍ തള്ളിയത്. പരിഹരിക്കാവുന്ന ക്ലറിക്കല്‍ പിഴവ് മാത്രമായിരുന്നു ഇതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഈ പിഴവുകള്‍ റിട്ടേണിങ് ഓഫീസര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും വാദിച്ചു. തുടര്‍ന്ന് ഹര്‍ജികള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പരിഗണിക്കാന്‍ കോടതി മാറ്റിവെക്കുകയായിരുന്നു.

Test User: