X
    Categories: MoreViews

എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും അഭിഭാഷകരായി തുടരാമോ?

 

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് വിലക്കണമെന്ന നിര്‍ദേശം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിഗണനയില്‍.
എംപിമാരും എംഎല്‍എമാരും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതു ഇന്ത്യന്‍ ഭരണഘടനയുടെ 14, 15 അനുച്ഛേദത്തിനു എതിരാണെന്നാണ് വാദം.
ഇക്കാര്യത്തില്‍ അഭിഭാഷകനായ അശ്വനി ഉപാധ്യായ് കൊണ്ടുവന്ന പരാതി വിദഗ്ധ സമിതി പരിശോധിക്കുകയാണെന്നു ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ പറഞ്ഞു. മൂന്നംഗ കമ്മിറ്റിയാണ് പരാതി പരിഗണിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കും. അതിനുശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന അഭിഭാഷകരായ ഭോജ് ചന്ദര്‍ ഠാക്കൂര്‍, രമേശ്ചന്ദ്ര ജി ഷാ, ഡി.പി. ധാല്‍ എന്നിവരാണു വിദഗ്ധ കമ്മിറ്റിയിലുള്ളത്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുണ്ട്. അവര്‍ രാജ്യസേവകരാണ്.
എന്നാല്‍ പാര്‍ലമെന്റ്, നിയമസഭാ സമ്മേളനങ്ങളുടെ സമയത്ത് സ്വന്തം സാമ്പത്തിക ലാഭത്തിനായി എംപിമാരും എംഎല്‍എമാരും സ്വകാര്യ പ്രാക്ടീസായി കോടതിയില്‍ ഹാജരാകാറുണ്ട്. സാമാജികര്‍ക്കു മികച്ച ശമ്പളവും അലവന്‍സും വിരമിച്ചതിനുശേഷമുള്ള ആനുകൂല്യങ്ങളുമുണ്ട്. ഇവയെല്ലാം ഉദ്യോഗസ്ഥ, ജുഡീഷ്യല്‍ തലത്തില്‍ ജോലി ചെയ്യുന്നവരെക്കാള്‍ കൂടുതലുമാണ്.
ഈ സാഹചര്യത്തില്‍ എംപിമാരുടെയും എംഎല്‍എമാരുടെയും അഭിഭാഷകവൃത്തി തുടരാന്‍ അനുവദിക്കരുതെന്നുമാണ് ഉപാധ്യായയുടെ വാദം. എംപി, എംഎല്‍എ എന്നുപറയുന്നത് മുഴുവന്‍സമയ ജോലിയാണ്. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പൂര്‍ണസമയം മാറ്റിവയ്‌ക്കേണ്ടതുമാണ്. അതേസമയം, അഭിഭാഷകവൃത്തിയുടെ കുലീനതയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഉപാധ്യായുടെ പരാതിയില്‍ പറയുന്നു. 2012ലെ സുപ്രീം കോടതി വിധിയില്‍ അഡ്വക്കേറ്റ്‌സ് ആക്ട്, ബാര്‍ കൗണ്‍സില്‍ റൂള്‍ എന്നിവ പ്രകാരം എംപി, എംഎല്‍മാരായവര്‍ക്ക് അഭിഭാഷകവൃത്തി തുടരാമെന്നു വ്യക്തമാക്കിയിരുന്നു.

chandrika: