ന്യൂഡല്‍ഹി: സൈനികരുടെ ശമ്പള, പെന്‍ഷന്‍ ഇനത്തിലുള്ള ചെലവ് വെട്ടിക്കുറക്കുന്നതിന് കുറുക്കുവഴിയുമായി കേന്ദ്ര സര്‍ക്കാര്‍. നാലു വര്‍ഷ കാലയളവിലേക്ക് മാത്രമായി, പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെയും കുറഞ്ഞ ശമ്പളം നിശ്ചയിച്ചും സൈനിക സേവനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് എന്ന പദ്ധതിയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
ആധുനിക സൈനികോപകരണങ്ങള്‍ വാങ്ങുന്നതിന് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടിയാണ് സൈനികരുടെ ശമ്പള , പെന്‍ഷന്‍ ഇനത്തിലുള്ള ചിലവ് വെട്ടിക്കുറക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. അഗ്നിപഥ് പദ്ധതി പ്രകാരം പതിനേഴര വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള 45,000 പേര്‍ക്കാണ് നിയമനം നല്‍കുക. 90 ദിവസത്തിനകം നിയമന നടപടികള്‍ പൂര്‍ത്തിയാക്കും. 2023 ജൂലൈയില്‍ ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടത്താനാണ് ലക്ഷ്യമിടുന്നതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
ചരിത്രപരമായ തീരുമാനമാണിതെന്നും പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ കര, നാവിക, വ്യോമ സേനാ മേധാവികള്‍ സംബന്ധിക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കി. അഗ്നിവേഴ്‌സ് എന്ന പേരിലായിരിക്കും ഇങ്ങനെ നിയമിക്കപ്പെടുന്ന സൈനികര്‍ അറിയപ്പെടുക. സാധാരണ സൈനിക നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത തന്നെയാണ് അഗ്നിപഥിനും ഉണ്ടാവുക. കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം വഴിയാകും നിയമനം. സ്ത്രീകള്‍ക്കും നിയമനം ലഭിക്കും.
നാലു വര്‍ഷത്തില്‍ ആറു മാസം പരിശീലന കാലയളവ് ആയിരിക്കും. 30,000 മുതല്‍ 40,000 രൂപ വരെയാണ് ശമ്പളം. മെഡിക്കല്‍, ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങളും ലഭിക്കും. നാലു വര്‍ഷത്തിനു ശേഷം ഇതില്‍ 25 ശതമാനം പേരെ മാത്രം നിലനിര്‍ത്തും. ഇവര്‍ക്ക് സാധാരണ സൈനിക തസ്തികകളില്‍ നിയമനം ലഭിക്കും. 15 വര്‍ഷം വരെ നോണ്‍ -ഓഫിസര്‍ റാങ്കിലായിരിക്കും നിയമനം. നാലു വര്‍ഷത്തിനു ശേഷം വിരമിക്കുന്നവര്‍ക്ക് 11-12 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുന്ന എക്‌സിറ്റ് സ്‌കീമില്‍ പുറത്തു പോകാം. പെന്‍ഷനോ മറ്റ് ആനൂകൂല്യങ്ങളോ ലഭിക്കില്ല. ഡ്യൂട്ടിക്കിടെ ജീവഹാനി, അംഗവൈകല്യം എന്നിവ നേരിടുന്നവരുടെ കാര്യത്തില്‍ പ്രത്യേക ക്ലോസുകള്‍ ഉള്‍പ്പെടുത്തും. പദ്ധതി വഴി കേന്ദ്ര ഖജനാവിന് പ്രതിവര്‍ഷം 5.2 ലക്ഷം കോടിയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
സൈന്യത്തിന്റെ മനോബലം തകര്‍ക്കുന്നതാണ് നീക്കമെന്നാണ് ആരോപണം. സൈനിക സേവനത്തിന് എത്തുന്നവര്‍ സ്വജീവന്‍ സമര്‍പ്പിക്കാന്‍ തയ്യാറായാണ് വരുന്നത്. നാലു വര്‍ഷത്തെ താല്‍ക്കാലിക ഉദ്യോഗത്തിന് ആരാണ് ഇങ്ങനെ റിസ്‌ക് എടുക്കാന്‍ തയ്യാറാവുക എന്ന താണ് വിമര്‍ശനം.