ന്യൂഡൽഹി∙ ബുൾഡോസർ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കുറ്റാരോപിതന്റെയോ, കുറ്റവാളിയുടെയോ വീടാണെന്ന ഒറ്റക്കാരണത്താൽ ഒരു വീട് എങ്ങനെയാണ് പൊളിച്ചുമാറ്റാൻ സാധിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് പാലിക്കേണ്ട മാർഗ നിർദേശങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചു.
ബുൾഡോസർ രാജിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ടവർ ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമർശങ്ങൾ. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണു ഹരജികൾ പരിഗണിച്ചത്.
ഹർജിക്കാരനുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹാജരായി. ഒരാൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ടുമാത്രം, അയാളുടെ വസ്തുവകകൾ പൊളിച്ചുനീക്കാൻ കഴിയില്ലെന്ന് രണ്ടംഗ ബെഞ്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അനധികൃത കെട്ടിട നിർമാണങ്ങൾ മാത്രമാണ് ഇത്തരത്തിൽ പൊളിച്ചുനീക്കേണ്ടത്. എന്നാൽ കോടതിക്കു മുന്നിൽ വിഷയം തെറ്റായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.