X
    Categories: HealthNews

ഇയര്‍ഫോണ്‍ കേള്‍വിത്തകരാറിന് കാരണമാകുമോ?-ഡോ. മുഹമ്മദ് ഷരീഫ് പി. കെ

ഡോ. മുഹമ്മദ് ഷരീഫ് പി. കെ
സീനിയര്‍ സ്പെഷ്യലിസ്റ്റ് ഇ എന്‍ ടി സര്‍ജന്‍
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍

ലോകത്താകമാനം കേള്‍വി സംബന്ധമായ തകരാറുകളുള്ളവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ജനസംഖ്യയില്‍ നാലില്‍ ഒരാള്‍ക്ക് കേള്‍വിത്തകരാറുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തില്‍ കേള്‍വി സംബന്ധമായ തകരാറുകള്‍ അധികരിക്കുന്നു എന്ന് അന്വേഷിക്കുമ്പോള്‍ പൊതുവെ ലഭിക്കുന്ന ഉത്തരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇയര്‍ ബഡ്സിന്റെയും ഇയര്‍ഫോണിന്റെയും ഉപയോഗം. ഇതില്‍ ശാസ്ത്രീയമായ യാഥാര്‍ത്ഥ്യമുണ്ടോ? ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് മൂലം കേള്‍വിത്തകരാറുകള്‍ സംഭവിക്കാറുണ്ടോ? വ്യാപകമായ ഈ സംശയത്തിനുള്ള ഉത്തരം കണ്ടെത്താനാണ് ഈ വര്‍ഷത്തെ ലോക കേള്‍വി ദിനത്തില്‍ നമ്മള്‍ ശ്രമിക്കുന്നത്.

ശബ്ദത്തിന്റെ തീവ്രത

പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് നമ്മള്‍ കേള്‍ക്കുന്ന ശബ്ദം നമുക്ക് ഹാനികരമാകുന്നുണ്ടോ ഇല്ലയോ എന്ന് കണക്കാക്കുന്നത്. ഇതില്‍ ഒന്നാമത്തേത് എത്ര ഉച്ചത്തിലാണ് ശബ്ദം കേള്‍ക്കുന്നത് എന്നതാണ്. രണ്ടാമത്തേത് അകലത്ത് നിന്ന് ശബ്ദം കേള്‍ക്കുന്നു എന്നതും, മൂന്നാമത്തേത് എത്രനേരം ശബ്ദം കേള്‍ക്കുന്നു എന്നതുമാണ്.

ശബ്ദത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെല്‍ എന്ന സൂചിക ഉപയോഗിച്ചാണ്. സാധാരണയായി നമ്മള്‍ സംസാരിക്കുന്ന ശബ്ദത്തിന്റെ അളവ് 30 മുതല്‍ 60 ഡെസിബെല്‍ വരെയാണ്. ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ ഇത് 70 മുതല്‍ 90 ഡെസിബെല്‍ വരെയായി ഉയരാം. ശബ്ദം 120 ഡെസിബെലിന് മുകളിലേക്ക് ഉയരുന്നത് ചെവിക്ക് വേദന ഉളവാക്കുന്ന അവസ്ഥയിലെത്തിക്കും. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ഇയര്‍ഫോണ്‍ മുതലായവയുടെ പൊതുവായ ശബ്ദത്തിന്റെ അളവ് 80 ഡെസിബല്‍ മുതല്‍ 110 ഡെസിബല്‍ വരെയാണ്. ചെവിക്കുള്ളിലേക്ക് തിരികെ വെക്കുന്ന ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇത് ഇയര്‍ ഡ്രമ്മുമായി വെച്ച് പുലര്‍ത്തുന്ന അകലം എന്നത് കേവലം അര ഇഞ്ച് മാത്രമാണ്. ചെവിയുടെ പുറത്ത് സ്ഥാപിക്കുന്ന ഹെഡ് സെറ്റ് ഉപയോഗിക്കുമ്പോള്‍ ശബ്ദവും ഇയര്‍ ഡ്രമ്മുമായുള്ള അകലം അല്‍പ്പം കൂടി വര്‍ദ്ധിക്കും. സ്പീക്കര്‍ ഉപയോഗിച്ചാണ് ശ്രവിക്കുന്നതെങ്കില്‍ സ്വാഭാവികമായും അകലം കുറച്ച് കൂടി വര്‍ദ്ധിക്കും.
85 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം തുടര്‍ച്ചയായി 8 മണിക്കൂറോളംകേള്‍ക്കുന്നത് സ്വാഭാവികമായി തന്നെ കേള്‍വിശേഷിയെ ദോഷകരമായി ബാധിക്കും. പലപ്പോഴും ഈ അവസ്ഥയെത്തുന്നത് പോലും നമ്മള്‍ തിരിച്ചറിഞ്ഞു എന്ന് വരില്ല. പ്രായം കൂടുന്നതിനനുസരിച്ച് കേള്‍വി നാശത്തിന്റെ തീവ്രത വര്‍ദ്ധിക്കുകയും ചെയ്യും. യാത്ര ചെയ്യുമ്പോള്‍ ഹെഡ് സെറ്റ് ഉപയോഗിക്കുന്നവര്‍ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തണം. യാത്രചെയ്യുന്ന വാഹനത്തിന്റെ ശബ്ദം നമ്മുടെ ചെവിയിലേക്ക് എന്ത് തന്നെയായാലും എത്തിച്ചേരും, ഇതു തന്നെ എഴുപതോ എണ്‍പതോ ഡെസിബെല്‍ ഉണ്ടാകും ഇതോടൊപ്പം ഇയര്‍ഫോണിന്റെ ശബ്ദം കൂടി എത്തുമ്പോള്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെടും എന്നുറപ്പാണ്. കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണും ടാബ്ലെറ്റു ലാപ്ടോപ്പുമെല്ലാം എത്തിക്കഴിഞ്ഞ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കാര്‍ട്ടൂണുകളും വീഡിയോകളുമൊക്കെ അവര്‍ തുടര്‍ച്ചയായി കാണുന്നത് സ്വാഭാവികമായി കുഞ്ഞുങ്ങളിലെ കേള്‍വി ശക്തിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

60-60 റൂള്‍ എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം. അതായത് നമ്മള്‍ ഉപയോഗിക്കുന്ന ഡിവൈസിന്റെ 60% ശബദം മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. മുഴുവന്‍ ശബ്ദത്തിലാണ് ഡിവൈസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് നിര്‍ബന്ധമായും 60 ശതമാനമായോ അതില്‍ കുറവായോ മാറ്റുക. ഇതില്‍ രണ്ടാമത്തെ 60 എന്നത് സമയത്തെ സൂചിപ്പിക്കുന്നതാണ്. 60 മിനിട്ടില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ശബ്ദം കേള്‍ക്കാന്‍ പാടില്ല.

ശബ്ദം കേള്‍ക്കുന്ന ഉറവിടം അല്‍പ്പം അകലത്തായി സെറ്റ് ചെയ്യുക. അത് ടി വി ആയാലും ഫോണ്‍ ആയാലും ബാക്കിയുള്ള ഏത് ഡിവൈസായാലും പരമാവധി അകലം പാലിക്കാന്‍ ശ്രമിക്കുക.

ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്ക് ശബ്ദത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുക.
ചെവിയില്‍ മൂളക്കം, ചെവി അടച്ചിരിക്കുക, കേള്‍വിക്കുറവ് പോലെ തോന്നുക മുതലായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണിക്കുക. നേരത്തെ തകരാറുകള്‍ കണ്ടുപിടിച്ചാല്‍ എളുപ്പത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും എന്ന് ഓര്‍മ്മിക്കുക.

Chandrika Web: