ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു. ഒരു എക്കൗണ്ടില്‍ 5000 രൂപയിലേറെ തുക ഇനി ഒരു തവണ മാത്രമെ നിക്ഷേപിക്കാനാവൂ. അതും ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രം. ഇത്രയും കാലം എന്തുകൊണ്ട് നിക്ഷേപിച്ചില്ലെന്ന വിശദീകരണം നല്‍കണം. സംശയമുണ്ടെങ്കില്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് നിക്ഷേപകരെ ചോദ്യം ചെയ്യാം. പണത്തിന്റെ ഉറവിടം പിന്നീട് പരിശോധിക്കും.
അതേസമയം നിലവില്‍ അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ എത്ര വേണമെങ്കിലും നിക്ഷേപിക്കാമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ ഉത്തരവ്. ഈ മാസം 30 വരെയാണ് 500,1000 നോട്ടുകള്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം.
നേരത്തെ അസാധു നോട്ടുകള്‍ മാറിക്കൊടുക്കുന്നതിന് വരെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരികയും ഇതിന്റെ സമയപരിധി വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം എട്ടിനാണ് 500,1000 നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പിന്നാലെ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്ക് മുന്നിലും നീണ്ട വരിയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.