ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുവെന്ന ശക്തമായ ആരോപണങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കു (ഇവിഎം) പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമോയെന്ന കാര്യം ചര്‍ച്ച ചെയ്തു വരികയാണെന്നു ബിജെപി. തെരഞ്ഞെടുപ്പ് കമ്മിഷനോടു ഇവിഎമ്മിനുപകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നിലപാടുമായി ബിജെപി രംഗത്തെത്തിയത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം പരിഗണിച്ചാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതെന്നും ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് അറിയിച്ചു.
എല്ലാവരുടേയും പിന്തുണയോടെയാണു നേരത്തെ ബാലറ്റ് പേപ്പറുകളില്‍നിന്നു വോട്ടിങ് യന്ത്രങ്ങളിലേക്കു മാറുന്ന കാര്യം തീരുമാനിച്ചത്. എന്നാലിപ്പോള്‍ ബാലറ്റ് പേപ്പര്‍ തന്നെ ഉപയോഗിക്കണമെന്നാണ് രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെടുന്നത്. ചര്‍ച്ചകള്‍ക്കു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് റാം മാധവ് പറഞ്ഞു.
നേരത്തെ ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമാര അരവിന്ദ് കെജരിവാളടക്കം പല പ്രമുഖരും വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്താനാകുമെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ബാലറ്റിലേക്കു മടങ്ങണമെന്നു തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പു നീതിയുക്തമാക്കാന്‍ ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്ന് എഐസിസി സമ്മേളനം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കാര്യങ്ങള്‍ പരിശോധിച്ചും ചര്‍ച്ച ചെയ്തും തീരുമാനത്തിലെത്താം എന്ന ബി.ജെ.പിയുടെ മറുപടി.
കഴിഞ്ഞ നവംബറില്‍ നടന്ന ഉത്തര്‍ പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന വോട്ടെല്ലാം ബിജെപിക്കു മാത്രമാണ് പോകുന്നതെന്ന ശക്തമായ ആരോപണം ഉയര്‍ന്നിരുന്നു. ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക് വീഴുന്നെന്നായിരുന്നു പരാതി. യന്ത്രം തകരാര്‍ സംഭവിച്ചതാണെന്നു കാണിച്ച് ഉദ്യോഗസ്ഥര്‍ മാറ്റിയെങ്കിലും ബിജെപിക്കു മാത്രം വോട്ടു വീഴുന്ന രീതിയില്‍ സെറ്റ് ചെയ്തതാണെന്ന ആരോപണവുമായി മറ്റു പാര്‍ട്ടികളും രംഗത്തെത്തി. വോട്ടിങ് യന്ത്രത്തിലെ തിരിമറിയാണ് യുപിയില്‍ ബി.ജെ.പിക്ക് വന്‍വിജയം പിന്നിലെന്നും പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയതെന്ന് പട്ടേല്‍ സമുദായത്തിന്റെ യുവനേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ആരോപിച്ചിരുന്നു.