കൊല്‍ക്കത്ത: യോഗ്യരായ ആളുകള്‍ എത്രയും പെട്ടന്ന് തന്നെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭൂമി വിതരണം സംബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. ‘വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലാത്തപക്ഷം എന്‍.ആര്‍.സിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നിങ്ങളെ തടങ്കല്‍പ്പാളയങ്ങളിലേക്ക് അയക്കും- മമത പറഞ്ഞു.
പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കാനാവില്ല. മേല്‍പ്പാലം നിര്‍മിക്കാനെന്ന പേരില്‍ നഷ്ടപരിഹാരം നല്‍കാതെ റെയില്‍വേ ആളുകളെ ഒഴിപ്പിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളില്‍ ഇത്തരം ഒഴിപ്പിക്കല്‍ അനുവദിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ആരുടെയെങ്കിലും ഭൂമി ബലപ്രയോഗത്തിലൂടെ കൈക്കലാക്കിയാല്‍ പ്രതിഷേധം ആരംഭിക്കണമെന്നും അതിന് സര്‍ക്കാര്‍ പിന്തുണയുണ്ടാകുമെന്നും മമത ഉറപ്പ് നല്‍കി. കര്‍ഷകര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് വളം ലഭിക്കുന്നില്ലെന്നും ഇതേ അവസ്ഥ ഇനിയും തുടരുകയാണെങ്കില്‍ സ്വന്തമായി വളം നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്നും മമത പറഞ്ഞു.