ന്യൂഡല്‍ഹി: ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമാണോയെന്ന വിഷയത്തില്‍ വിപരീത വിധികള്‍ പുറപ്പെടുവിച്ച് ഡല്‍ഹി ഹൈക്കോടതി. ഐപിസി 375ല്‍ ഭര്‍ത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ഷക്ധര്‍ പറഞ്ഞപ്പോള്‍ ജസ്റ്റിസ് ഹരിശങ്കര്‍ അതിന് വിയോജിപ്പ് രേഖപ്പെടുത്തി. ‘മാരിറ്റല്‍ റേപ്’ ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹരിശങ്കര്‍ വിധിച്ചു. ഇതോടെ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിട്ടു. ബലാത്സംഗ നിയമത്തില്‍ ഭര്‍ത്താക്കന്മാരുടെ ഇളവ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികളില്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് വിധി പറഞ്ഞത്. ഫെബ്രുവരി ഏഴിന് വാദം കേട്ട കോടതി ‘മാരിറ്റല്‍ റേപ്’ കുറ്റകരമാണോ എന്ന വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ നിലപാടറിയിക്കാന്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാത്ത കോടതി കേസ് ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. ബലാത്സംഗം ചെയ്യുന്ന പുരുഷന്‍ ഭര്‍ത്താവാണെങ്കില്‍ അത് ലൈംഗികാതിക്രമായി കണക്കാക്കാന്‍ പറ്റില്ലെന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമം 1860 ലെ 375ാം വകുപ്പ് പറയുന്നത്.
സ്ത്രീ 15 വയസില്‍ താഴെയാണെങ്കില്‍ ഇത് ബലാത്സംഗമായി കണക്കാക്കണമെന്നും നിയമം പറയുന്നു. സുപ്രീം കോടതി പിന്നീട് ഇത് 18 വയസാക്കി തീര്‍പ്പാക്കി.