X

രാമക്ഷേത്ര സുരക്ഷക്കുള്ള ജവാന്മാരുടെ ക്യാമ്പുകളിൽ വെള്ളം കയറി​; അയോധ്യയിലും പരിസരത്തും വെള്ളപ്പൊക്കം

അയോധ്യയിലെ രാമക്ഷേത്ര ശ്രീകോവിലില്‍ ചോര്‍ച്ചയുണ്ടെന്നും പരിഹരിച്ചില്ലെങ്കില്‍ ആരാധന തടസ്സപ്പെടുമെന്നുമുള്ള മുഖ്യപൂജാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, ക്ഷേത്ര സുരക്ഷാ ചുമതലയുള്ള ജവാന്‍മാരുടെ ക്യാമ്പുകളില്‍ വെള്ളം കയറി. ക്ഷേത്രപരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ഭക്തരും പ്രദേശവാസികളും കടുത്തപ്രയാസത്തിലാണ്.

ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി ജവാന്മാരുടെ ക്യാമ്പുകളിലാണ് കനത്തമഴയില്‍ വെള്ളം കയറിയത്. ജവാന്‍മാര്‍ക്കുള്ള കട്ടിലുകള്‍ക്ക് താഴെ വെള്ളം കെട്ടിക്കിടക്കുന്ന ദൃശ്യം സംഘ്പരിവാര്‍ അനുകൂല ചാനലായ റിപബ്ലിക് അടക്കം പുറത്തുവിട്ടിട്ടുണ്ട്. മിര്‍സാപൂര്‍ കാന്‍ഷിറാം കോളനിക്ക് എതിര്‍വശത്തുള്ള 39-ാം ബറ്റാലിയന്‍ പി.എ.സി ക്യാമ്പിലാണ് വെള്ളക്കെട്ട്. ജവാന്‍മാരുടെ സാധനസാമഗ്രികള്‍ വെള്ളത്തില്‍ ഒഴുകുന്നത് ദൃശ്യങ്ങളില്‍ കാണാം

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെന്ന് ക്ഷേത്രം മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഞ്ചുമാസം മുന്‍പ് പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ ഇത്ര വേഗം ചോര്‍ച്ചയുണ്ടായത് ആശ്ചര്യപ്പെടുത്തിയെന്ന് അ?ദ്ദേഹം പറഞ്ഞു.

‘ജനുവരി 22നാണ് ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്നത്. എത്രയോ എന്‍ജിനീയര്‍മാര്‍ ഇവിടെയുണ്ടായിരുന്നു. എന്നിട്ടും ചോരുന്നുവെന്നത് ആശ്ചര്യമാണ്. മേല്‍ക്കൂരയില്‍ നിന്നും വെള്ളം ചോര്‍ന്നൊലിക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമഴയില്‍ തന്നെ രാംലല്ല വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ഈ വെള്ളം ഒഴുകിപ്പോകാനുള്ള ഒരു സൗകര്യവുമില്ല. വിഷയത്തില്‍ അതീവ ശ്രദ്ധചെലുത്തണം. കനത്ത മഴ പെയ്താല്‍ മേല്‍ക്കൂരക്ക് താഴെ പ്രാര്‍ഥന നടത്തുന്നത് ബുദ്ധിമുട്ടാകും’ -ആചാര്യ സത്യേന്ദ്ര ദാസ് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

എന്നാല്‍, രാമക്ഷേത്രത്തിന്റെ ഡിസൈനിലോ നിര്‍മാണത്തിലോ ഒരു പ്രശ്‌നവും ഇല്ലെന്നാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ അവകാശവാദം. ക്ഷേത്ര കോംപ്ലെക്‌സിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തത് കൊണ്ട് ഉണ്ടായ പ്രശ്‌നമാവും ചോര്‍ച്ചയെന്നും ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. മുഖ്യപൂജാരിയുടെ പരാതിക്ക് പിന്നാലെ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ നൃപേന്ദ്ര മിശ്ര ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ വെള്ളം വരുന്നുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

വൈദ്യുതി കമ്പികള്‍ സ്ഥാപിക്കാനായുള്ള പൈപ്പുകളില്‍ നിന്നാണ് വെള്ളം ഒഴുകിയതെന്നും രണ്ടാംനിലയുടെ പണി പൂര്‍ത്തിയായാല്‍ വെള്ളം വരുന്നത് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകോവിലിന് കിഴക്ക് ഭാഗത്തുള്ള മണ്ഡപത്തിന്റെ പണി പൂര്‍ത്തിയാക്കിയ ശേഷം രണ്ടാംനിലയുടെ മേല്‍ക്കൂരയുടെ നിര്‍മാണവും നടത്തും.

ഇതോടെ വെള്ളം വരുന്നത് നില്‍ക്കും. താല്‍ക്കാലികമായി മണ്ഡപം മൂടിയാണ് ഇപ്പോള്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ ഇലക്ട്രിക്കല്‍, വാട്ടര്‍ പ്രൂഫിങ്, തറയുടെ ജോലികള്‍ എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ വൈദ്യുതികമ്പികള്‍ക്ക് വേണ്ടി ഇട്ടിട്ടുള്ള പെപ്പുകളിലൂടെ വെള്ളം വരുന്നത് നില്‍ക്കും -ട്രസ്റ്റ് അവകാശപ്പെട്ടു.

webdesk13: