ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണത്തിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നേരിട്ട് കേസ് എടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവുകളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു.
കോടതി നിര്‍ദേശം ഉണ്ടെങ്കില്‍ കേസ് എടുക്കാമെന്നും പൊലീസ് അറിയിച്ചു. ഇ.പി. ജയരാജന്‍ ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തുകയും ബി.ജെ.പിയില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചെന്നുമുള്ള ശോഭ സുരേന്ദ്രന്റെ പ്രസ്താവനക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് കാട്ടിയാണ് ഇ.പി പൊലീസില്‍ പരാതി നല്‍കിയത്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ശോഭ സുരേന്ദ്രന്‍, ടി.ജി. നന്ദകുമാര്‍ എന്നിവരുടെ പേരുകളാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇവര്‍ മൂന്ന് പേരും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ഇ.പി. ജയരാജന്‍ പരാതിയില്‍ ആരോപിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.പി. ജയരാജന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താമെന്ന് പൊലീസ് അന്ന് തന്നെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി കൈമാറുകയായിരുന്നു.
തിരുവനന്തപുരം ആക്കുളത്ത് ഉള്ള ഇ.പിയുടെ മകന്റെ ഫ്ളാറ്റില്‍ വെച്ചാണ് പ്രകാശ് ജാവദേക്കറെ കണ്ടതെന്ന ആരോപണം നിലനില്‍ക്കുന്നതിനാലാണ് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ഡി.ജി.പി പരാതി കൈമാറിയത്. ശേഷം പ്രാഥമിക അന്വേഷണം നടത്തി മകന്റെ ഫ്ളാറ്റിലെത്തി സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു. എല്ലാ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് പരാതിയില്‍ കേസെടുക്കാന്‍ ആകില്ലെന്ന് പൊലീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.