ലിബര്‍വില്ലെ: ആഫ്രിക്ക കപ്പ് ഓഫ് നാഷന്‍സ് കിരീടം കാമറൂണിന്. ഈജിപ്തിനെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ഹ്യൂഗോ ബ്രൂസ് പരിശീലിപ്പിക്കുന്ന സംഘം കിരീടത്തില്‍ മുത്തമിട്ടത്. 2008 ഫൈനലില്‍ ഇതേ എതിരാളികളോട് തോറ്റതിനുള്ള മധുരപ്രതികാരം കൂടിയായി സിംഹങ്ങള്‍ എന്നു വിളിപ്പേരുള്ള കാമറൂണിനിത്.
22-ാം മിനുട്ടില്‍ മുഹമ്മദ് സലാഹിന്റെ പാസ് സ്വീകരിച്ച് ബോക്‌സില്‍ കയറിയ ആര്‍സനല്‍ മിഡ്ഫീല്‍ഡര്‍ മുഹമ്മദ് എല്‍നേനി ടൈറ്റ് ആംഗിളില്‍ നിന്ന് വലകുലുക്കിയാണ് ഈജിപ്തിനെ മുന്നിലെത്തിച്ചത്. പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന എല്‍നേനി ഫൈനലിലാണ് ടീമില്‍ മടങ്ങിയെത്തിയത്. ആദ്യപകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല.
59-ാം മിനുട്ടില്‍ മൗകാഞ്ചോയുടെ പാസില്‍ നിന്ന് നിക്കോളാസ് എന്‍കോലു കാമറൂണിനെ ഒപ്പമെത്തിച്ചു. പ്രതിരോധക്കാര്‍ക്കു മുകളിലൂടെ മൗകോഞ്ചോ നല്‍കിയ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറുതിര്‍ത്തായിരുന്നു എന്‍കോലുവിന്റെ ഗോള്‍. കളി എക്‌സ്ട്രാ ടൈമിലേക്ക് നീളുമെന്ന് തോന്നിച്ച ഘട്ടത്തില്‍ 88-ാം മിനുട്ടില്‍ വിന്‍സന്റ് അബൂബക്കര്‍ ആണ് ഫൈനലിലെ വിജയ ഗോള്‍ നേടിയത്. സബ്‌സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ അബൂബക്കര്‍ പ്രതിരോധക്കാരനു മുകളിലൂടെ പന്ത് മറിച്ചെടുത്ത് തൊടുത്ത ഹാഫ് വോളി ഈജിപ്ത് കീപ്പര്‍ക്ക് അവസരമൊന്നും നല്‍കാതെ വലകുലുക്കി.