കൊച്ചി: കാമറ സ്ഥാപിക്കുന്നതിലെ അസൗകര്യം അറിയിച്ച് ബസ് ഉടമ അസോസിയേഷന്‍ ഭാരവാഹികള്‍. 28നുള്ളില്‍ കാമറ വേണമെന്ന് വാശിപിടിച്ചാല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു. നിലവാരമുള്ള കാമറ സ്ഥാപിക്കാന്‍ സാവാകാശം വേണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്വകാര്യ ബസിന്റെ മുന്നിലും പിന്നിലും ഈ മാസം 28നുള്ളില്‍ കാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെയാണ് ബസി ഉടമകള്‍ അഭിപ്രായം പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ബസ് ടാക്‌സ് അടച്ചത്. അതിനിടെ 25,000 രൂപ മുടക്കി കാമറകള്‍ സ്ഥാപിക്കുകയെന്നത് ബസ് ഉടമകളെ സംബന്ധിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ല. കാമറ സ്ഥാപിക്കാനാവശ്യമായ മുഴുവന്‍ തുകയും റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് ലഭ്യമാക്കണമെന്ന് ബസ് ഉടമ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കാമറ ഘടിപ്പിച്ച ശേഷമേ, ബസ് റോഡിലിറക്കാനാവൂ എന്ന് നിര്‍ബന്ധം പിടിച്ചാല്‍ മാര്‍ച്ച് ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ഉടമകള്‍ പറഞ്ഞു.
ബസുകളുടെ അകവും പുറവും കാണാനാകുംവിധം രണ്ട് കാമറകള്‍ ഈ മാസം 28നകം തന്നെ ഘടിപ്പിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. സ്വകാര്യബസുകളുടെ നിയമലംഘനവും അപകടങ്ങളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 7,686 ബസുകളിലും കാമറ ഘടിപ്പിക്കുന്നതിന്റെ പകുതി ചെലവ് റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കെഎസ്ആര്‍ടിസി ബസുകള്‍ക്കു മുഴുവന്‍ തുകയും നല്‍കും.