ന്യൂഡല്‍ഹി: വിഖ്യാത ബ്രിട്ടീഷ് സര്‍വകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിജിലെ രസതന്ത്ര വിഭാഗത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേര്. പ്രമുഖ മരുന്നു നിര്‍മാതാക്കളായ സിപ്ലയുടെ നണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയായ യൂസുഫ് ഹമീദിന്റെ പേരിലാണ് ഡിപ്പാര്‍ട്‌മെന്റ് അറിയപ്പെടുക. 2050വരെയാണ് കാലാവധി.
കേംബ്രിജിലെ അലുംനി കൂടിയാണ് യൂസുഫ് ഹമീദ്. പഠനത്തിനും ഗവേഷണത്തിനും യൂസുഫ് നല്‍കിയ സംഭാവന പരിഗണിച്ചാണ് ഈ ആദരവെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.
സിന്തറ്റിക് ഓര്‍ഗാനിക് കെമിസ്ട്രിയിലാണ് യൂസുഫ് ഹമീദ് കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ നടത്തിയത്. മേഖലയിലെ പഠനത്തിനായി ഹമീദ് സ്‌കോളര്‍ പ്രോഗ്രാം എന്ന സ്‌കോര്‍ളര്‍ഷിപ്പും അദ്ദേഹത്തിന്റേതായുണ്ട്. നിരവധി വിദ്യാര്‍ത്ഥികളാണ് ഈ സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ളത്.
‘രസതന്ത്രത്തില്‍ വിദ്യഭ്യാസ അടിത്തറ നല്‍കിയത് കേംബ്രിജാണ്. എങ്ങനെ ജീവിക്കണമെന്നും സമൂഹത്തിന് എങ്ങനെ സംഭാവന ചെയ്യണമെ്ന്നും കേംബ്രിജ് പഠിപ്പിച്ചു’ – അദ്ദേഹം വ്യക്തമാക്കി.
66 വര്‍ഷമായി യൂണിവേഴ്‌സിറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശാസ്ത്രജ്ഞനാണ് യൂസുഫ് ഹമീദ്. രസതന്ത്ര വകുപ്പിന് ഹമീദിന്റെ പേര് നല്‍കുന്നതില്‍ അങ്ങേയറ്റത്തെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്റ്റീഫന്‍ ജെ തൂപെ പറഞ്ഞു.
പോളണ്ടില്‍ ജനിച്ച യൂസുഫ് ഹമീദ് ജനറിക് മരുന്നു കമ്പനിയായ സിപ്ലയുടെ ചെയര്‍മാനാണ്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.