ന്യൂയോര്‍ക്ക്: പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേംബ്രിജ് അനലിറ്റിക്ക. ഫെയ്‌സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയാണ് തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോടതിയെ സമീപിച്ചത്. ചാപ്റ്റര്‍ ഏഴു പ്രകാരം പാപ്പരായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. നിലവില്‍ ഒന്ന് മുതല്‍ അഞ്ച് ലക്ഷം ഡോളറിന്റെ ആസ്തിയുള്ള കമ്പനിയ്ക്ക് ഒരു മില്യണ്‍ മുതല്‍ 10 മില്യണ്‍ വരെ കടബാധ്യതകളുണ്ടെന്നാണ് കണക്ക്.
ഫെയ്‌സ്ബുക്കില്‍ നിന്ന് അനധികൃതമായി വിവരങ്ങള്‍ ശേഖരിച്ചെന്ന വെളിപ്പെടുത്തലുകള്‍ ഇടപാടുകാരെ നഷ്ടപെടാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ ബിനിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ല. അതിനാല്‍ യുഎസ് കമ്പനി പാപ്പരായി പ്രഖ്യാപിക്കുകയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബ്രിട്ടനിലെയും യുഎസിലെയും കടങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഈമാസം ആദ്യം തന്നെ കേംബ്രിജ് അനലിറ്റിക്ക കോടതിയെ സമീപിച്ചിരുന്നു. യുകെയിലും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികള്‍ക്കായി കേംബ്രിജ് അനലിറ്റിക്ക ഹര്‍ജി നല്‍കിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പു കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കേംബ്രിജ് അനലിറ്റിക വ്യക്തമാക്കിയിരുന്നു.