X

കേംബ്രിഡ്ജ് അനലിറ്റിക്ക, ഫേസ്ബുക്ക് : യു.എസ് തെരഞ്ഞെടുപ്പ് വിവാദം കൊഴുക്കുന്നു

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന വിവാദങ്ങള്‍ക്കിടെ ലോകത്തെ മുന്‍നിര സോഷ്യല്‍ മീഡിയ ഫേസ്ബുക്കും പ്രതിക്കൂട്ടിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി അഞ്ചുകോടിയോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. റഷ്യ മാത്രമല്ല, മറ്റു ചിലരും ട്രംപിനുവേണ്ടി തെരഞ്ഞെടുപ്പില്‍ ഇറങ്ങിക്കളിച്ചുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

സോഷ്യല്‍ ആധുനികസാങ്കേതികവിദ്യ രാഷ്ട്രീയ വ്യവസ്ഥിതിയെപ്പോലും പൊളിച്ചെഴുതാന്‍ കെല്‍പുള്ളതായി വളര്‍ന്നിരിക്കുന്നുവെന്ന ദുസ്സൂചനയും വിവാദം നല്‍കുന്നുണ്ട്. ബ്രിട്ടീഷ് റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കക്കുവേണ്ടി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ മനശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. അലക്‌സാന്‍ഡര്‍ കോഗന്‍ നിര്‍മിച്ച ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന ആപ്പിലൂടെ ശേഖരിച്ച വിവരങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ദുരുപയോഗം ചെയ്തിരിക്കുന്നത്.

വ്യക്തിത്വ പഠനം എന്ന ഉദ്ദേശ്യത്തോടെ ജനങ്ങളിലേക്കെത്തിയ ആപ്ലിക്കേഷനിലേക്ക് ഫേസ്ബുക്ക് വഴിയായിരുന്നു പ്രവേശനം. രണ്ടു ലക്ഷത്തി എഴുപതിനായിരം പേരില്‍നിന്നാണ് ആപ്പ് ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. ഇവരുടെ സുഹൃത്തുക്കളുടെ വിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്കക്ക് കിട്ടി. അങ്ങനെ അഞ്ച് കോടി ആളുകളുടെ വിവരങ്ങള്‍ സംഘടിപ്പിച്ചു. ഇവരെ വിശകലനം ചെയ്ത് കിട്ടിയ വിവരങ്ങള്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപിന് പ്രചാരണം ശക്തമാക്കാന്‍ ഉപകരിച്ചു.

ഉപയോക്താക്കളുടെ അനുവാദത്തോടെ ശേഖരിക്കുന്ന വിവരങ്ങള്‍ വില്‍ക്കാനോ കൈമാറാനോ പാടില്ലെന്നാണ് ഫേസ്ബുക്കിന്റെ നിയമം.
ഉപയോക്താക്കളുടെ സ്വഭാവം, ഇഷ്ടങ്ങള്‍, താല്‍പര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ശേഖരിച്ച് 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആരെല്ലാം ട്രംപിന് അനുകൂലമായി വിധിയെഴുതുമെന്ന് കേംബ്രിഡ്ജ് അനാലിറ്റിക്ക മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തത്.

chandrika: