X

സാമ്പത്തിക നഷ്ടവും നാണക്കേടും; കേംബ്രിജ് അനലിറ്റിക്ക പൂട്ടുന്നു

ലണ്ടന്‍: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടു വിവാദത്തിലായ കേംബ്രിജ് അനലിറ്റിക്കയും (സി എ) അതിന്റെ ബ്രിട്ടനിലെ മാതൃസ്ഥാപനവുമായ എസ്സിഎല്‍ ഇലക്ഷന്‍സും പ്രവര്‍ത്തനം നിര്‍ത്തുന്നു. വിവാദത്തെ തുടര്‍ന്ന് കമ്പനി നഷ്ടത്തിലായെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ മാധ്യമ വാര്‍ത്തകള്‍ കമ്പനിയുടെ ഉപയോക്താക്കളെയും മറ്റും ബാധിച്ചതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കേംബ്രിജ് അനലിറ്റിക്ക ലണ്ടനില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഓണ്‍ലൈന്‍ പരസ്യരീതിയുടെ ഭാഗമായി നിയമപരവും പൊതുവില്‍ സ്വീകാര്യവുമായ നിലയില്‍ പ്രവര്‍ത്തിച്ച കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പരിഹരിക്കാനാകാത്ത അപകീര്‍ത്തിയാണ ് സംഭവിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. യുകെയിലും ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയിലും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികള്‍ക്കായി കേംബ്രിജ് അനലിറ്റിക്ക ഹര്‍ജി നല്‍കി. അതേസമയം, കേംബ്രിജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തിയാലും വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിനെതിരായി ആരംഭിച്ച നിയമനടപടികള്‍ തുടരും.

വിവര വിശകലന സ്ഥാപനമാണ് കേംബ്രിജ് അനലിറ്റിക്കയെന്നും രാഷ്ട്രീയ നിലപാടുകള്‍ മാറ്റിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 2014 ല്‍ ഫെയ്‌സ്ബുക്ക് വഴി മാത്രം ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണു നഷ്ടപ്പെട്ടതെന്നാണു കണക്കുകള്‍. ഏറ്റവുമധികം യുഎസിലാണ്. 7.06 കോടി പേര്‍. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ നഷ്ടമായ ഇന്ത്യ ഇക്കാര്യത്തില്‍ ഏഴാം സ്ഥാനത്താണ്. വ്യക്തികളുടെ താല്‍പര്യങ്ങള്‍, അഭിരുചികള്‍, ഇഷ്ടങ്ങള്‍, ബന്ധങ്ങള്‍ എന്നിവയടങ്ങിയ വിവരശേഖരമാണു ചോര്‍ത്തിയത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതാണ് കമ്പനിക്കു തിരിച്ചടിയായത്. ഫെയ്‌സ്ബുക്കിനു പിന്നാലെ ട്വിറ്ററും കഴിഞ്ഞയാഴ്ച ഡേറ്റാ ചോര്‍ത്തല്‍ വിവാദത്തില്‍പ്പെട്ടിരുന്നു. ലോകത്തെ മുന്‍നിര സമൂഹമാധ്യമങ്ങളിലൊന്നായ ട്വിറ്ററിനെതിരെയും വിവരച്ചോര്‍ച്ച ആക്ഷേപമുണ്ടായതോടെ ‘ഡേറ്റ ചോര്‍ത്തല്‍’ വിവാദം വീണ്ടും ചൂടുപിടിക്കുകയായിരുന്നു. ഇതിനിടെയാണ് കേംബ്രിജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്’ എന്ന മൂന്നാംകക്ഷി ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്. ഇതേ കോഗന്‍ സ്ഥാപിച്ച ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് (ജിഎസ്ആര്)എന്ന സ്ഥാപനം 2015ല്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് ‘ദ് സണ്‍ഡേ ടെലഗ്രാഫാ’ണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

chandrika: