X
    Categories: indiaNews

ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തെ പാകിസ്ഥാന്‍ എന്ന് വിളിക്കുന്നത് രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്ക് വിരുദ്ധം: സുപ്രീം കോടതി

കര്‍ണാടക ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശത്തില്‍ വാദം കേള്‍ക്കുന്നതിനിടെ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തെ പാകിസ്ഥാന്‍ എന്ന് വിളിക്കുന്നത് രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

കര്‍ണാടക ഹൈക്കോടതി ജഡ്ജി നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ സ്വമേധയാ ഏറ്റെടുത്ത കാര്യം കേള്‍ക്കുന്നതിനിടെയാണ് അഞ്ചംഗ ബെഞ്ച് അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് സെപ്തംബര്‍ 20 ന് വിഷയം സ്വമേധയാ ഏറ്റെടുക്കുകയും വിഷയത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

സെപ്തംബര്‍ 21 ന് ജഡ്ജി പരസ്യമായി മാപ്പ് പറഞ്ഞതായി പറഞ്ഞ റിപ്പോര്‍ട്ട് ബെഞ്ച് പരിശോധിച്ചു. ”സെപ്തംബര്‍ 21 ന് തുറന്ന കോടതി നടപടിക്കിടെ ഹൈക്കോടതി ജഡ്ജി നല്‍കിയ മാപ്പപേക്ഷ മനസ്സില്‍ വെച്ചുകൊണ്ട് നീതിയുടെയും സ്ഥാപനത്തിന്റെ അന്തസ്സിന്റെയും താല്‍പ്പര്യം കണക്കിലെടുത്ത് ഈ നടപടിക്രമങ്ങള്‍ തുടരേണ്ടതില്ല, ”സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

ന്യായാധിപന്‍ തന്റെ സ്വന്തം മുന്‍വിധികളെക്കുറിച്ച് ബോധവാനായിരിക്കണമെന്ന് നിരീക്ഷിച്ച സുപ്രിംകോടതി ലിംഗ ഭേദത്തിനോ, സമുദായത്തിനോ എതിരായ പരാമര്‍ശങ്ങള്‍ പക്ഷപതപരമാകതിരിക്കാന്‍ ജഡ്ജിമാര്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞു. നിലവില്‍ ഹൈക്കോടതി ജഡ്ജി കക്ഷി അല്ലാത്തത്തിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തുന്നില്ല, നടപടികള്‍ അവസാനിപ്പിക്കുന്നു എന്നും സുപ്രിംകോടതി വ്യക്തമാക്കി. കോടതികള്‍ ജാഗ്രത പാലിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. സ്ത്രീവിരുദ്ധമോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മുന്‍വിധിയോടെ വ്യാഖ്യാനിക്കാവുന്നതോ ആയ അഭിപ്രായങ്ങള്‍ കോടതികളില്‍ നിന്നും ഉണ്ടാക്കരുതെന്നും സുപ്രിംകോടതി പറഞ്ഞു.

പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെ കുറിച്ചായിരുന്നു കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം. മൈസൂര്‍ മേല്‍പാലത്തിലേക്ക് പോയാല്‍ ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാമെന്നും അതിന്റെ വലതു വശത്തുള്ള പ്രദേശം ഇന്ത്യയല്ല പാക്കിസ്ഥാനിലെ ഗോരി പാലിയാണെന്നും കര്‍ണാടക ഹൈക്കോടതി ജഡ്ജി പറഞ്ഞു. ഇവിടെ നിയമം ബാധകമല്ലെന്നും എത്ര കര്‍ശനമായി നിയമം നടപ്പിലാക്കുന്ന പൊലീസുകരാനായാലും അവിടെയുള്ളവര്‍ അദ്ദേഹത്തെ ഉപദ്രവിക്കുമെന്നുമായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ സുപ്രീം കോടതി ഇടപെടുകയായിരുന്നു.

 

 

webdesk13: