മംഗലാപുരത്തുള്ള ആശുപത്രിയിൽ അപ്പോയിൻമെന്റിനു വേണ്ടി ഗൂഗിളിൽ സെർച്ച് ചെയ്ത് ലഭിച്ച നമ്പറിൽ വിളിച്ച ഏച്ചൂർ സ്വദേശിയായ യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കയ്യിൽ നമ്പർ ഇല്ലാത്തതിനെ തുടർന്നാണു ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ ഫോൺ നമ്പറിൽ വിളിച്ചത്. അപ്പോൾ യുവതിയുടെ വാട്സാപ്പിൽ രോഗിയുടെ വിവരങ്ങൾ ആവശ്യപ്പെട്ടു ലിങ്ക് അയച്ചു കൊടുക്കുകയും 10 രൂപ അടയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
യുവതി രോഗിയുടെ വിവരം രേഖപ്പെടുത്തി അയച്ചു കൊടുത്തു. തുടർന്നു ലിങ്കിൽ കയറി 10 രൂപ അടയ്ക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിൽനിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്. തുടർന്നു പരാതി നൽകുകയായിരുന്നു. ആശുപത്രിയിൽ അപ്പോയിൻമെന്റിനു വേണ്ടിയോ മറ്റേതെങ്കിലും സർവീസിന്റെയോ സ്ഥാപനത്തിന്റെയോ നമ്പറോ കസ്റ്റമർ കെയർ നമ്പറോ ഗൂഗിൾ െസർച്ച് ചെയ്ത് വിളിക്കുകയാണെങ്കിൽ അധികാരികത ഉറപ്പുവരുത്തിയശേഷം മാത്രം വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.
അജ്ഞാത നമ്പറിൽനിന്ന് ലിങ്കിൽ കയറി പണം അടക്കാൻ ആവശ്യപ്പടുകയാണെങ്കിൽ ചെയ്യരുത്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് പരാതി റിപ്പോർട്ട് ചെയ്യണം.