X

കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ മുസ്‌ലിംലീഗിന് രണ്ടു പ്രതിനിധികള്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് മിന്നും ജയം. ഇടത് ഭരണത്തിന്റെ സ്വാധീന ശക്തി മുഴുവന്‍ ഉപയോഗപ്പെടുത്തിയിട്ടും രണ്ട് പ്രതിനിധികളെ സിന്‍ഡിക്കേറ്റിലേക്ക് വിജയിപ്പിച്ചെടുത്ത് അത്യുജ്വല വിജയമാണ് മുസ്‌ലിംലീഗ് കാഴ്ചവെച്ചത്. കോളജ് അധ്യാപക മണ്ഡലത്തില്‍ നിന്ന് പ്രൊഫ- റഷീദ് അഹമ്മദിനേയും കോളജ് മാനേജ്‌മെന്റ് മണ്ഡലത്തില്‍ നിന്ന് എന്‍. വി .അബ്ദുറഹിമാനെയുമാണ് മുസ്‌ലിംലീഗ് സിന്‍ഡിക്കേറ്റിലെത്തിച്ചത്.
സര്‍ക്കാര്‍ മിഷനറി ദുരുപയോഗം ചെയ്തും പ്രലോഭനനങ്ങള്‍ നല്‍കിയും ഇടത് മുന്നണി പയറ്റിയ സര്‍വ്വ തന്ത്രങ്ങളേയും നിഷ്പ്രഭമാക്കിയ മുസ്‌ലിംലീഗിന്റെ വിജയം പ്രശംസ പിടിച്ചുപറ്റി.
ഡോ. റഷീദ് അഹമ്മദ് കരുവാരക്കുണ്ട് കെ.ടി.എം കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. മേലാറ്റൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറിയായ റഷീദ് അഹമ്മദ് സമസ്ത മുശാവറ അംഗമായിരുന്ന കുഞ്ഞാണി മുസ്‌ലിയാരുടെ മകനാണ്. എം.എസ്.എഫിലൂടെ വളര്‍ന്ന് സംഘാടന മികവ് തെളിയിച്ച റഷീദ് അഹമ്മദ് നേരത്തെ ഫാറൂഖ് കോളജ് സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍, സെക്രട്ടറി പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. സി.കെ.സി.ടിയുടെ സംസ്ഥാന ഭാരവാഹിത്വവും വഹിച്ചു. ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണ സമിതിയിലും അംഗമായിരുന്നു.
എന്‍വി.അബ്ദുറഹ്മാന്‍ അരിക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജ് മാനേജറാണ്. മുസ്‌ലിംലീഗ് സ്ഥാപക നേതാക്കളില്‍ പ്രമുഖനും സംസ്ഥാന വൈസ് പ്രസിഡണ്ടും കെ.എന്‍.എം സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്‍.വി അബ്ദുസലാം മൗലവിയുടെ മകനും മുസ്‌ലിംലീഗ് നേതാവായിരുന്ന എം.കെ ഹാജിയുടെ മരുമകനുമാണ്. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ ഇടപെടലാണ് സിന്‍ഡിക്കേറ്റില്‍ മുസ്‌ലിംലീഗിന്റെ നേട്ടത്തിന് വഴിയൊരുക്കിയത്. വിവിധ മണ്ഡലങ്ങളിലായി 12 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒമ്പതുപേര്‍ ഇടത് അംഗങ്ങളാണ് വിജയിച്ചവര്‍. ഒരു സ്വതന്ത്രനും വിജയിച്ചു.

chandrika: