കോഴിക്കോട്: ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക നിയമനം. അധ്യാപക നിയമനം നിര്‍ത്തിവക്കണമെന്ന കോടതി നിര്‍ദേശം ലംഘിച്ചാണ് ഉദ്യോഗാര്‍ഥികളെ അഭിമുഖം നടത്തിയത്. സംവരണം അട്ടിമറിച്ചാണ് നിയമന നടപടി നടത്തുന്നത് എന്നാരോപിച്ച് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ തുറന്ന പ്രക്ഷോഭം നടത്തുകയാണ്.
സംവരണ തസ്തിക പ്രഖ്യാപിക്കാതെയും ബാക്ക്ലോഗ് നികത്താതെയും അധ്യാപക നിയമനം നടത്താനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കം കോടതി കയറിയിരുന്നു. 20 ഓളം ഉദ്യോഗാര്‍ത്ഥികളാണ് കേസില്‍ കക്ഷി ചേര്ന്നിട്ടുള്ളത്്. ഇതിന് പുറമെ നിയമനത്തില്‍ സംവരണ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് കേസുമുണ്ട്. ഇത് എല്ലാം നിലനില്‍ക്കെയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉദ്യോഗാര്‍ത്ഥി അഭിമുഖത്തിന് ഇന്നലെ തുടക്കമായത്.
116 അധ്യാപക തസ്തികകളിലേക്കാണ് നിയമനം. ഇതില്‍ 63 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കാണ് നിയമന വിജ്ഞാപനം. 33 തസ്തികകള്‍ സംവരണ കമ്മിയുള്ളതില്‍പ്പെടും. ഇത്തരത്തില്‍ കാലങ്ങളായുണ്ടായ സംവരണ കമ്മി നികത്തിക്കൊണ്ട് നിയമനം നടത്തണമെന്നാണ് ആവശ്യം.