X

കാലിക്കറ്റ് സര്‍വകലാശാലക്കും കിട്ടി പിഴ; ക്യാമ്പസില്‍ മാലിന്യം തള്ളിയതിന് 50,000 രൂപ പിഴ

കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ വിവിധയിടങ്ങളില്‍ മാലിന്യം തള്ളിയത് കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍വകലാശാലയ്ക്ക് 50,000 രൂപ പിഴയിട്ടു. സര്‍വകലാശാലയില്‍ മാലിന്യം തള്ളുന്നതിനെതിരേ പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ നടത്തിയ പരിശോധനയിലാണ് വിവിധ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയത്.

ക്യാമ്പസ് വാസികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത്, സ്ഥിരംസമിതി അധ്യക്ഷരായ എം. സുലൈമാന്‍, പിയൂഷ് അണ്ടിശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പത്തോളം സ്ഥലങ്ങളിലാണ് മാലിന്യക്കൂന കണ്ടെത്തിയത്. ഇതുസംബന്ധിച്ച് കേസുമെടുത്തു.

കൂടാതെ പരിശോധനാസമയത്ത് സര്‍വകലാശാലാ ജീവനക്കാരന്‍ മാലിന്യം തള്ളുന്നത് കൈയോടെ പിടിക്കുകയും ചെയ്തു. സര്‍വകലാശാലാ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നവര്‍ക്ക് അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതു കൊണ്ടാണ് ക്യാമ്പസില്‍ മാലിന്യം തള്ളേണ്ടിവരുന്നതെന്നും ഇതു വലിയ പ്രതിസന്ധിയാണെന്നും സര്‍വകലാശാലാ ജീവനക്കാര്‍ പഞ്ചായത്തധികൃതരെ അറിയിച്ചു.

പഞ്ചായത്തും സര്‍വകലാശാലാ ജീവനക്കാരും നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍വകലാശാല ഇക്കാര്യത്തില്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ലേഡീസ് ഹോസ്റ്റല്‍ കാന്റീനില്‍ പരിശോധന നടത്തിയപ്പോഴും മാലിന്യം അലക്ഷ്യമായി കൈകാര്യംചെയ്യുന്നതു കണ്ടെത്തിയിരുന്നു. അഴുക്കുജലം തുറന്ന ഓടയിലൂടെ ഒഴുക്കിവിടുകയാണെന്നും കണ്ടെത്തിയതാണ്.

 

webdesk13: