X
    Categories: MoreViews

ഹര്‍ത്താല്‍; എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ ഒമ്പതിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. 9 ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലും 9 ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള സര്‍വകലാശാലയിലും 9 ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിയതായും അറിയിച്ചു.
എം.ജി സര്‍വകലാശാല 9 ന് നടത്താന്‍ നിശ്ചയിച്ച രണ്ടാം വര്‍ഷ ബി.ഫാം പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് 23ലേക്കു മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. രണ്ടാം വര്‍ഷ ബി.ഫാം പരീക്ഷ 16ന് നടക്കും.

പട്ടികജാതി പട്ടികവര്‍ഗ നിയമം ദുര്‍ബലപ്പെടുത്തിയെന്നാരോപിച്ച് ഉത്തരേന്ത്യയില്‍ നടന്ന ദലിത് പ്രക്ഷോഭങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് തിങ്കളാഴ്ച ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 9ന് രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തണമെന്ന് എം.ഡി എ.ഹേമചന്ദ്രന്‍ സര്‍ക്കുലര്‍ നല്‍കി. എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും ജോലിക്കെത്തിയ ജീവനക്കാരുടെയും നടത്തിയ സര്‍വീസുകളുടെയും വിശദമായ റിപ്പോര്‍ട്ട് രാവിലെയും ഉച്ചക്കും അയക്കണമെന്നും നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പുറമെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കി.

ഹര്‍ത്താല്‍ ദിനത്തില്‍ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.

chandrika: