കരിപ്പൂര്‍: മലബാര്‍ മേഖലയുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തി കൂടുതല്‍ സൗകര്യങ്ങളും അധികം വിമാനസര്‍വീസുകളുമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിലില്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. 85.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച അന്താരാഷ്ട്ര ടര്‍മിനലും വിമാനത്താവള റണ്‍വെയുമാണ് ഏപ്രിലില്‍ യാഥാര്‍ത്ഥ്യമാവുക. റണ്‍വെ വിപുലീകരണത്തിനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഭാഗികമായി ഒഴിവാക്കിയിരുന്നു. ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍കാല ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ക്കായി വിമാനകമ്പനികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എത്തിഹാദ് എയര്‍വെയ്‌സ്, ജെറ്റ് എയര്‍, സ്‌പൈസ് ജെറ്റ് എന്നിവയാണ് പുതിയ സര്‍വീസുകള്‍ക്ക് ശ്രമം നടത്തുന്നത്. സ്‌പൈസ് ജെറ്റ് ദുബൈ സര്‍വീസ് വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആഴ്ചയില്‍ മൂന്നു പുതിയ സര്‍വീസെങ്കിലും വേണമെന്നാണ് സ്‌പൈസ് ജെറ്റിന്റെ ആവശ്യം. അതേസമയം അബുദാബിയിലേക്കും യുഎഇയിലേക്കും സര്‍വീസ് ആരംഭിക്കാനാണ് എത്തിഹാദിന്റെ ശ്രമം. എന്നാല്‍ സര്‍വീസ് നിയന്ത്രണത്തെത്തുടര്‍ന്ന് കുറക്കേണ്ടി വന്ന അല്‍ഐന്‍, റാസല്‍ഖൈമ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നീക്കം നടത്തുന്നത്. കൂടാതെ ഷാര്‍ജ, ദുബൈ, അബുദാബി മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസ് നേടാനും എയര്‍ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.
കരിപ്പൂര്‍ വിമാനത്താവളം ഏപ്രിലില്‍ പ്രവര്‍ത്തനസജ്ജമാകും
Tags: karipur airport