കോഴിക്കോട്: സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു പരിശോധന. പരിശോധനയില്‍ ദുരന്ത നിവാരണ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതായാണ് വിവരം. പരിശോധനയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ യുവി ജോസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരാഴ്ചക്കകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ റവന്യു വകുപ്പിന് സമര്‍പ്പിക്കും.
വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചത് കക്കാടംപൊയിലിലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ്. അപകട സാധ്യത ഏറെയുള്ള പ്രദേശമെന്നു ദുരന്ത നിവാരണ വകുപ്പ് രേഖപ്പെടുത്തിയ മേഖലകളിലൊന്നാണ് കക്കാടംപൊയില്‍. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അത്തരം പ്രദേശങ്ങളില്‍ മഴക്കുഴി പോലും പാടില്ലെന്ന നിര്‍ദേശം ലംഘിച്ചാണ് മലകളുടെ വശങ്ങള്‍ ഇടിച്ച് പാര്‍ക്ക് നിര്‍മിച്ചതെന്ന് ഇതിനു മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.