X

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ വൈഫൈ സൗകര്യമുണ്ടന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം; പേരിന് മാത്രമെന്ന് യാത്രക്കാര്‍

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേത് പോല 45 മിനുട്ട് അല്ലങ്കില്‍ 200 എംബി എന്ന നിരക്കില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വൈഫൈ സൗകര്യം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനെ പറ്റി ലോക്‌സഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം രേഖാമൂലം മറുപടി നല്‍കിയത്.

നിലവില്‍ അന്താരാഷ്ട്ര ടെര്‍മിനലിലെ പുറപ്പെടല്‍ ഭാഗത്തും അഭ്യന്തര ടെര്‍മിനലില്‍ പൂര്‍ണ്ണമായും വൈഫൈ നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന ഭാഗത്ത് ആഗസ്ത് 31 ഓടെ വൈഫൈ സൗകര്യം ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഫയര്‍ഫ്‌ളൈ എന്ന സ്ഥാപനമാണ് നിലവില്‍ വിമാനത്താവളത്തില്‍ വൈഫൈ സേവനം ലഭ്യമാക്കുന്നത്. എന്നാല്‍ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ പേരിന് മാത്രമാണ് വൈഫൈയുള്ളതെന്നും തങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കാറില്ലന്നുമാണ് യാത്രക്കാരുടെ പരാതി.

രാജ്യത്ത് എല്ലാ വിമാനത്താവളങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണന്നിരിക്കെ കരിപ്പൂരില്‍ മാത്രം അത് ലഭ്യമാകാതിരിക്കുന്നത് ശരിയല്ലന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാവണമെന്നും കാലിക്കറ്റ് എയര്‍പ്പോര്‍ട്ട് സംരക്ഷണ കൗണ്‍സില്‍ നേരത്തെ നിവേദനം സമര്‍പ്പിച്ചിരുന്നു.

മറ്റ് നാടുകളില്‍ നിന്ന് രാത്രി വൈകിയും മറ്റും എയര്‍പ്പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് രാജ്യത്തെ മൊബൈല്‍ സിം സൗകര്യം ലഭ്യമാവുന്നതിന് മുന്‍പ് ബന്ധുക്കളെ ബന്ധപ്പെടാന്‍ വൈഫൈ സൗകര്യം ഒഴിച്ചുകൂടാനാവാത്തതാണന്നും അത് കാര്യക്ഷമമായ രീതിയില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കാലിക്കറ്റ് എയര്‍പ്പോര്‍ട്ട് സംരക്ഷണ കൗണ്‍സില്‍ ചെയര്‍മാന്‍ യു.എ നസീര്‍ പറഞ്ഞു. പേരിനുമാത്രം വൈഫൈ നടപ്പാക്കാതെ യത്രികര്‍ക്ക് ഉപയോഗപ്രദമാം വിധം സൗകര്യം ലഭ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

Test User: