ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്ട്രേഷൻ/ ലൈസൻസ് എടുക്കാതെയുള്ള കേക്കുണ്ടാക്കി വിൽക്കലിനെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കും. ഇതിനായി വ്യാപക പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷ വകുപ്പ് തീരുമാനിച്ചു. വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളും നിർമിച്ച് വിൽപന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരമുള്ള രജിസ്ട്രേഷൻ നിർബന്ധമാണെന്നും ഇല്ലാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷ അസി. കമീഷണർ.
നിയമവിരുദ്ധമായി ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിൽപന നടത്തുന്നത് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം സെക്ഷൻ 63 പ്രകാരം 10 ലക്ഷം രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ചെറുകിട ഉൽപാദകർക്ക് സ്വമേധയാ രജിസ്ട്രേഷൻ എടുത്ത് നിയമനടപടിയിൽനിന്ന് ഒഴിവാകാം. കേക്ക് നിർമാണത്തിന് ഉപയോഗിക്കുന്ന ഫുഡ് അഡിറ്റീവുകൾ നിയമപരമാണെന്ന് ഉൽപാദകർ ഉറപ്പുവരുത്തണം. ബെൻസോയിക് ആസിഡ്, സോർബിക് ആസിഡ് തുടങ്ങിയ പ്രിസർവേറ്റീവുകൾ ഒരു കിലോ കേക്കിൽ ഒരുഗ്രാമിൽ കൂടുതൽ ചേർക്കുന്നത് നിയമവിരുദ്ധമാണ്.
ഉപഭോക്താക്കൾ പാക്ചെയ്ത ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ ലേബൽ വിവരങ്ങളുള്ളതും കാലാവധി രേഖപ്പെടുത്തിയതുമായ ഭക്ഷണസാധനങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വഴിയോര കടകൾ, ഉന്തുവണ്ടിയിൽ കൊണ്ടുനടന്നുള്ള വിൽപന, തെരുവ് കച്ചവടക്കാർ, പിക് അപ് ഓട്ടോയിലും മറ്റുമുള്ള മത്സ്യക്കച്ചവടം എന്നിവക്കെല്ലാം ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്ട്രേഷൻ/ലൈസൻസ് എടുക്കണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ്.