ന്യൂഡല്‍ഹി: കൂടുതല്‍ ചര്‍ച്ചയും വിലപേശലും നടന്നിരുന്നുവെങ്കില്‍ റഫാല്‍ കരാര്‍ മെച്ചപ്പെടുത്താമായിരുന്നുവെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ഇന്ന് പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടിലാണ്, കൂടുതല്‍ ചര്‍ച്ചയും വിലപേശലും റഫാല്‍ ഇടപാട് മെച്ചപ്പെടുത്തുന്നതിന് വഴിവക്കുമായിരുന്നുവെന്ന കാര്യം സി.എ.ജി ചൂണ്ടിക്കാണിച്ചരിക്കുന്നത്.
കരാറില്‍ വിമാനത്തിന്റെ വില പരാമര്‍ശിക്കാതെയാണ് സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കരാറിന്റെ മൊത്തം തുക യു.പി.എ കാലത്ത് വ്യവസ്ഥ ചെയ്ത കരാറിനേക്കാള്‍ കുറവാണ് സി.എ.ജി പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം മുന്‍ ഇടപാടില്‍ നിന്നും 2.8 ശതമാനം കുറവാണ് സര്‍ക്കാറിന്റെ ഈ കരാര്‍ തുക. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്ന 9 ശതമാനം വിലക്കുറവിനെ തള്ളിയാണ് സി.എ.ജിയുടെ ഈ പരാമര്‍ശം.
അടിസ്ഥാന വില യു.പി.എ കാലത്തിന് സമാനമായിരുന്നു. എന്നാല്‍ വിമാനത്തിന്റെ ഏഴ് വസ്തുക്കള്‍ക്ക് വില കൂടുതലാണ്. പെര്‍ഫോമന്‍സ് ഗ്യാരണ്ടി വ്യവസ്ഥ മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതായും സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍, റഫാലില്‍ സര്‍ക്കാറിനെ കൂടുതല്‍ കടന്നാക്രമിക്കാതെയാണ് സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
നിവലിലെ സി.എ.ജിയായ രാജീവ് മെഹ്‌രിഷി കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന കാലത്താണ് റഫാലുമായ കാര്യങ്ങള്‍ അന്തിമമാക്കുന്നത്. ഇതേ വ്യക്തി തന്നെ സി.എ.ജി ആയി കരാറിനെ വിലയിരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ അറിയിച്ചിരുന്നു.