അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ബി.ജെ.പി സംസ്ഥാന ആസ്ഥാനം പതിവുപോലെ. മാരാര്‍ജി ഭവനില്‍ ആഘോഷങ്ങളോ ആരവങ്ങളോ ഉണ്ടായില്ല. കേരളത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ കണ്ണന്താനത്തെ മന്ത്രിയാക്കിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പോലും ഇക്കാര്യം അറിഞ്ഞില്ല. സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യം ആലോചിക്കുക പോലും ചെയ്തില്ലെന്നാണ് പരാതി. എന്നാല്‍ ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയാറായില്ല.
മുന്‍പ് ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായപ്പോള്‍ മാരാര്‍ജി ഭവനിലും സംസ്ഥാനത്തൊട്ടാകെയും ആഘോഷങ്ങള്‍ നടന്നിരുന്നു. ഇന്നലെ മാരാര്‍ജി ഭവനില്‍ ലഡു വിതരണം പോലുമുണ്ടാകാത്തത് നേതാക്കളെ പോലും അത്ഭുതപ്പെടുത്തി. അപ്രതീക്ഷിത തീരുമാനമായതിനാലാണ് ആഘോഷമില്ലാത്തതെന്നാണ് മാരാര്‍ജി ഭവന്റെ വിശദീകരണം. കേരളത്തില്‍ നിന്ന് ഒരു മന്ത്രിയുണ്ടാകുമെന്ന് മാത്രമാണ് നരേന്ദ്രമോദിയും അമിത് ഷായും സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ സംഘടനാ മര്യാദകള്‍ പോലും ലംഘിച്ചായിരുന്നു തീരുമാനം. കണ്ണന്താനത്തിന്റെ പേര് പ്രഖ്യാപിച്ചത് മാധ്യമങ്ങളിലൂടെയാണ് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ അറിഞ്ഞത്.
കണ്ണന്താനം മന്ത്രിയായത് സംസ്ഥാനത്ത് ബി.ജെ.പിക്ക് നേട്ടമാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഒരു സംസ്ഥാന നേതാവ് പ്രതികരിച്ചത്. ബി.ജെ.പിയില്‍ എത്തിയ ശേഷം കണ്ണന്താനത്തിന്റെ സേവനം കേരളത്തിന് ലഭിച്ചിട്ടില്ല. ബി.ജെ.പിയുടെ മുഖമായി സംസ്ഥാനത്ത് സജീവമായ നേതാക്കളിലാരെയെങ്കിലും കേന്ദ്രമന്ത്രിപദത്തിലെത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സുരേഷ് ഗോപി എം.പി അടക്കമുള്ളവരുടെ പേര് ചര്‍ച്ചകളില്‍ പോലും കടന്നുവരാത്തതില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.
മന്ത്രിപദവിയിലൂടെ ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തില്‍ പുതിയ സാധ്യതകള്‍ തേടുമ്പോള്‍ സംസ്ഥാന നേതൃത്വത്തിന് അമിതാഹ്ലാദമില്ല. ബി.ജെ.പി സംസ്ഥാനനേതാക്കളെയും ആര്‍.എസ്.എസിനെയും പൂര്‍ണമായും തഴഞ്ഞുകൊണ്ടുള്ളതായിരുന്നു ഈ തീരുമാനം. എന്നാല്‍ തന്റെ അമര്‍ഷം പുറത്തുകാട്ടാതെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. കേരളത്തിനുള്ള ഓണസമ്മാനമാണ് കണ്ണന്താനത്തിന്റെ മന്ത്രി പദവിയെന്ന് അദ്ദേഹം പറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം മലയാളിയായ ഒരു ബി.ജെ.പി നേതാവ് മന്ത്രിപദവിലെത്തുമ്പോള്‍ സംസ്ഥാനത്തൊട്ടാകെ ആഘോഷ പരിപാടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.
കണ്ണന്താനത്തിന്റെ ജന്മനാടായ മണിമലയിലൊഴികെ സംസ്ഥാനത്ത് മറ്റെവിടെയും കാര്യമായ ആഹ്ലാദ പ്രകടനങ്ങളുണ്ടായില്ല. ഡല്‍ഹിയില്‍ നിന്നുള്ള അപ്രതീക്ഷിത നീക്കത്തിന്റെ ആഘാതത്തില്‍ തന്നെയാണ് സംസ്ഥാന നേതൃത്വം. മന്ത്രിസ്ഥാനത്തേക്ക് കുമ്മനത്തിന്റേതടക്കമുള്ള പേരുകള്‍ ആര്‍.എസ്.എസ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതാക്കളോടും ആര്‍.എസ്.എസിനോടും ആലോചിക്കാതെയാണ് തീരുമാനം വന്നത്. തമ്മിലടിയും മെഡിക്കല്‍ കോഴ വിവാദങ്ങളുമൊക്കെ പലരുടേയും സാധ്യതകള്‍ ഇല്ലാതാക്കിയെന്നാണ് സംസ്ഥാന നേതാക്കള്‍ അടക്കംപറയുന്നത്.