സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നാലെ ആലപ്പുഴയിലെ സി.പി.എമ്മില്‍ മന്ത്രിസഭ പ്രാതിനിധ്യത്തിനായി നീക്കങ്ങള്‍ ശക്തം. സജി ചെറിയാന് പകരം മന്ത്രി ഉടനെ ഉണ്ടാകില്ലെന്ന് സി.പി.എം കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി പ്രഖ്യാപിക്കുമ്പോഴും സ്ഥാനമോഹികള്‍ ഇതിനോടകം ഇടപെടലുകള്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ രൂപീകരണ വേളയില്‍ മന്ത്രിസ്ഥാനത്തിന് വേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തിയ ആലപ്പുഴ എം.എല്‍.എ പി. പി ചിത്തരഞ്ജനാണ് മന്ത്രിസഭ പ്രാതിനിധ്യത്തിന് ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപെടുന്നത്. സജി ചെറിയാന് മടങ്ങിയെത്താന്‍ സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പ്രധാന നേതാക്കള്‍ പുതിയ മന്ത്രിയെ ആവശ്യമില്ലെന്ന നിലപാടിലാണ്.
ജില്ലയിലെ സി.പി.എം ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഔദ്യോഗിക പക്ഷത്തെങ്കിലും വിരുദ്ധ ചേരികളിലായി നില്‍ക്കുന്ന സജി ചെറിയാന്‍-ചിത്തരഞ്ജന്‍ പക്ഷങ്ങളുടെ കരുത്ത് തെളിയിക്കല്‍ കൂടിയാകും മന്ത്രിസഭയിലെ ജില്ലയുടെ തുടര്‍ പ്രാതിനിധ്യം. സി.പി.എമ്മിന്റെ കഴിഞ്ഞ ആലപ്പുഴ ഏരിയ സമ്മേളനത്തില്‍ സുധാകര പക്ഷത്തിന് പകരം ചിത്തരഞ്ജന്‍-സജി ചെറിയാന്‍ ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.
ജില്ലയില്‍ ആകെയുള്ള ഒന്‍പത് നിയമസഭ സീറ്റുകളില്‍ എട്ടിലും ഇടത് മുന്നണിയെ വിജയിപ്പിച്ച പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം അനിവാര്യമാണെന്നാണ് ചിത്തരഞ്ജന്‍ അനുകൂലികള്‍ ഉയര്‍ത്തുന്ന വാദം. മന്ത്രി സ്ഥാനം നഷ്ടമായാല്‍ അത് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ് വകുപ്പ് മത്സ്യ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യുവിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ പി. പി ചിത്തരഞ്ജന് മികച്ച നിലയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. മത്സ്യ ഫെഡ് ചെയര്‍മാന്‍ പദവി ഉള്‍പ്പെടെ അലങ്കരിച്ചിട്ടുള്ള ചിത്തരഞ്ജന് മന്ത്രിസ്ഥാനം നല്‍കുന്നത് മത്സ്യ തൊഴിലാളി സമൂഹത്തെ കൂടി പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ കഴിയുമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ സജി ചെറിയാന്റെ രാജി താല്‍ക്കാലികം മാത്രമാണെന്നും വേഗത്തില്‍ മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് മറുപക്ഷം വാദിക്കുന്നത്. സംസ്ഥാന ഭരണാധികാരത്തിന്റെ കരുത്തില്‍ ജില്ലയിലെ സി.പി.എമ്മില്‍ ഒന്നാമനായ സജി ചെറിയാന് തന്റെ സ്ഥാനത്തേക്ക് മറ്റൊരാള്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ പാര്‍ട്ടിയിലും വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.