X
    Categories: CultureNewsViews

അഡ്വക്കേറ്റ് ജനറലിനും ക്യാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ക്യാബിനറ്റ് പദവി കൂടി. അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര്‍ പ്രസാദിന് ക്യാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ മന്ത്രിമാര്‍ക്കു പുറമേ ക്യാബിനറ്റ് പദവി ലഭിച്ചവരുടെ എണ്ണം അഞ്ചായി. നിയമവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. രണ്ടുമാസം മുമ്പ് ഇത്തരത്തിലുള്ള ഒരു നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍, മുന്നോക്ക സമുദായ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, സര്‍ക്കാര്‍ ചീഫ് വിപ്പ് ആര്‍.രാജന്‍, ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി സമ്പത്ത് എന്നിവര്‍ക്കാണ് ക്യാബിനറ്റ് റാങ്കുള്ളത്.

ഭരണഘടനാ പദവി വഹിക്കുന്നതിനാല്‍ സുധാകരപ്രസാദിന് ഇപ്പോള്‍ത്തന്നെ സവിശേഷ അധികാരങ്ങളുണ്ട്. ഇതിനു പുറമേയാണ് എ.ജിക്ക് ക്യാബിനറ്റ് പദവി നല്‍കുന്നത്. മോട്ടോര്‍ വാഹനനിയമത്തിലെ ഉയര്‍ന്ന പിഴത്തുക കുറക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കായികമേളക്കിടെ ഹാമര്‍ വീണ് മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും യോഗം തീരുമാനിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: